രാജ്യത്ത് കായികവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ അനീതികള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര കായിക മന്ത്രിയും വിവിധ സംസ്ഥാന കായിക മന്ത്രിമാരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിറിലാണ് മന്ത്രിമാര്‍ ഒറ്റക്കെട്ടായി ഈ ആവശ്യം ഉന്നയിച്ചത്.
കായിക സംഘടനകളുടെ അവകാശങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, അവര്‍ കാരണം കായിക താരങ്ങള്‍ പ്രയാസപ്പെടുന്ന സാഹചര്യം ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര കായിക മന്ത്രി മന്‍സുക് മാണ്ഡവ്യ പറഞ്ഞു. സംഘടനകളുടെ ജനാധിപത്യപരമല്ലാത്ത നിലപാടുകള്‍ അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും. കായിക താരങ്ങളുടെ നന്മയാണ് പ്രധാനം. അതിനെതിരെ പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അസോസിയേഷനുകളുടെ ഇടപെടല്‍ കാരണം അര്‍ഹരായ കായിക താരങ്ങള്‍ക്ക് അവസരം നഷ്ടമാക്കുന്നതായി കേരളം, രാജസ്ഥാന്‍, ഗോവ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ കായിക മന്ത്രിമാര്‍ പറഞ്ഞു. കായിക സംഘടനകളുടെ ഏകപക്ഷീയമായ നിലപാടുകള്‍ പല കായിക ഇനങ്ങളുടെ ഭാവി തകര്‍ക്കുകയാണെന്ന് മന്ത്രി വി. അബ്ദു റഹിമാന്‍ പറഞ്ഞു. കായിക സംഘടനകളെ നിയന്ത്രിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം ഇടപെടണമെന്ന് വി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.