Kerala

കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിന് മാതൃക; കേന്ദ്ര കായിക മന്ത്രി

കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിന് മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുക് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിറിലാണ് കേന്ദ്രമന്ത്രി കേരളത്തെ പ്രകീര്‍ത്തിച്ചത്. ഒരു പഞ്ചായത്ത് ഒരു കളിക്കളം, പഞ്ചായത്ത് സ്‌പോട്‌സ് കൗണ്‍സില്‍, ഇ സര്‍ട്ടിഫിക്കറ്റ്, പാഠ്യപദ്ധതിയില്‍ കായികം എന്നീ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി രാജ്യത്താകെ നടപ്പാക്കണമെന്നും ആവശ്യമായ നിര്‍ദ്ദേശം കേന്ദ്ര കായിക മന്ത്രാലയം നല്‍കുമെന്നും മന്ത്രി സൂചിപ്പിച്ചു.

കേരളത്തിന്റെ പുതിയ കായിക നയം അനുസരിച്ചുള്ള സ്‌പോര്‍ട്ടാസ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങളെ ചിന്തന്‍ ശിവിറില്‍ പങ്കെടുത്ത മുഴുവന്‍ പേരും അഭിനന്ദിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാനെ ഓരോരുത്തരും നേരിട്ട് അഭിനന്ദനം അറിയിച്ചു. ഇന്ത്യയുടെ കായികമേഖലയുടെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ട് ദിവസമായി നടന്ന ചിന്തന്‍ ശിവിറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക മന്ത്രിമാര്‍, കേന്ദ്ര കായിക സെക്രട്ടറി സുജാത ചതുര്‍വേദി, സംസ്ഥാന കായിക സെക്രട്ടറിമാര്‍, കായിക ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.