കര്‍ണാടകയില്‍ 27-കാരിയായ ഇസ്രയേലി വിനോദസഞ്ചാരിയേയും ഹോംസ്‌റ്റേ ഉടമയേയും കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കർണാടക ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരെയാണു കർണാടക പോലീസ് പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്നാമനു വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി കൊപ്പൽ പോലീസ് സൂപ്രണ്ട് റാം.എൽ.അരസിദ്ദി പറഞ്ഞു.
അറസ്റ്റിലായ ഇരുവർക്കുമെതിരെ ലൈംഗിക പീഡനം, കൂട്ടബലാത്സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് ഇസ്രയേലി സ്വദേശിനിയായ വിനോദസഞ്ചാരിയും ഹോം സ്റ്റേ ഉടമയായ സ്ത്രീയും കൂട്ടബലാത്സംഗത്തിന് ഇരയായത്. സഞ്ചാരികൾക്കൊപ്പമുണ്ടായിരുന്ന 3 പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലിലിട്ട ശേഷമായിരുന്നു ആക്രമണം. ഇതില്‍ ഒഡീഷ സ്വദേശിയായ ബിബാഷ് കനാലിൽ വീണു മുങ്ങിമരിച്ചിരുന്നു.സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന യുഎസ് പൗരൻ ഡാനിയൽ, മഹാരാഷ്ട്ര സ്വദേശി പങ്കജ് എന്നിവർ നീന്തി രക്ഷപ്പെട്ടു. പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ബിബാഷിന്റെ മൃതദേഹം കണ്ടെത്തി.
അമേരിക്കക്കാരനായ ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശി പങ്കജ്, ഒഡിഷയില്‍നിന്നുള്ള ബിബാഷ്, ഇസ്രയേലി യുവതി എന്നിവര്‍ ഹോംസ്‌റ്റേ ഉടമയായ യുവതിക്കൊപ്പം വാനനിരീക്ഷണത്തിന് ഇറങ്ങിയതായിരുന്നു. ബൈക്കിലെത്തിയ അക്രമികള്‍ അടുത്ത് എവിടെയാണ് പെട്രോള്‍ ലഭിക്കുക എന്ന് അന്വേഷിച്ചു. പിന്നാലെ പണം ആവശ്യപ്പെട്ടു. അത് നല്‍കാന്‍ വിസമ്മതിച്ചതോടെ സഞ്ചാരികളെ ആക്രമിക്കാന്‍ തുടങ്ങി. പുരുഷന്മാരെ കനാലിലേക്ക് തള്ളിയിട്ടു. ഇസ്രയേലി യുവതിയേയും ഹോംസ്‌റ്റേ ഉടമയേയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തുടര്‍ന്ന് ഇവര്‍ ബൈക്കില്‍ തന്നെ കടന്നുകളയുകയായിരുന്നു.
സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പീഡനത്തിനിരയായ സ്ത്രീകൾ സുഖം പ്രാപിച്ചുവരുന്നതായി പോലീസ് അറിയിച്ചു. കേസന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ കർണാടക പോലീസ് നിയോഗിച്ചിട്ടുണ്ട്.
STORY HIGHLIGHT: karnataka gang rape case