Travel

12 മണിക്കൂർ നീണ്ടുനിൽക്കുന്ന ട്രെക്കിംഗ്, പ്രകൃതിയുടെ പരീക്ഷണമറിയാൻ പോകാം വരയാടുമൊട്ടയിലേക്ക്! | varayadumotta-toughest-trekking-spot-in-trivandrum

നിത്യഹരിത ഷോല വനങ്ങളിലൂടെ ഒരു നീണ്ട നടത്തം, അതാണ് വരയാടുമൊട്ടയെ സ്പെഷ്യലാക്കുന്നത്

തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ഒരു മലനിരയാണ് വരയാടുമൊട്ട. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വരയാടുകളുടെ വിഹാര കേന്ദ്രമാണിത്. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഗൈഡഡ് ട്രെക്കിംഗ് പ്രോഗ്രാമാണ് വരയാടുമൊട്ടയിലേത്. ഇതിനായി 1,100 മീറ്റർ ഉയരമുള്ള മല കയറേണ്ടതുണ്ട്. നിത്യഹരിത ഷോല വനങ്ങളിലൂടെ ഒരു നീണ്ട നടത്തം, അതാണ് വരയാടുമൊട്ടയെ സ്പെഷ്യലാക്കുന്നത്.

ഏറ്റവും ദുഷ്‌കരമായ ട്രെക്കിം​ഗുകളിലൊന്നായാണ് വരയാടുമൊട്ട കണക്കാപ്പെടുന്നത്. 18 കിലോമീറ്റർ ട്രെക്കിംഗ് (ഒരു വശം) കഠിനമാണ്. വഴുക്കലുള്ള പാതകളും അപകടകരമായ അഗാധ ​ഗർത്തങ്ങളും നിറഞ്ഞ കഠിനമായ ട്രെക്കിംഗിന് ശേഷം വരയാടുമൊട്ടയിൽ വിജയകരമായി കയറിക്കഴിഞ്ഞാൽ കാണുന്ന കാഴ്ചകൾ ആരുടെയും മനംമയക്കും. ചുറ്റുമുള്ള മലകളുടെയും താഴ്‌വരകളുടെയും അതിശയകരമായ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. വരയാടുമൊട്ടയിലെ പ്രശസ്തമായ വരയാടുകൾ അപൂർവ്വമായി മാത്രമേ സഞ്ചാരികളുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയുള്ളൂ.

വരയാടുമൊട്ട പാക്കേജ് രണ്ട് വഴികളിൽ ലഭ്യമാണ് – ഒന്ന് ഗോൾഡൻ വാലിയിൽ നിന്നും (ആരംഭ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചെക്ക് പോസ്റ്റ്) മറ്റൊന്ന് പൊൻമുടിയിൽ നിന്നും. ഭക്ഷണം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല, മഴക്കാലത്ത് ഈ ട്രെക്കിംഗ് പ്രോഗ്രാം ഉണ്ടായിരിക്കുന്നതല്ല. നവംബർ – മെയ് മാസങ്ങളാണ് ഏറ്റവും നല്ല സീസൺ. ഈ പാക്കേജ് ലഭിക്കാനായി മുൻകൂട്ടിയുള്ള ബുക്കിംഗ് ആവശ്യമാണ്. ട്രെക്കിംഗിൽ പങ്കെടുക്കുന്നവർക്കൊപ്പം രണ്ട് ഗൈഡുകളും ഉണ്ടാകും. 12 മണിക്കൂർ ട്രെക്കിംഗ് പരിപാടി രാവിലെ 07.30 ന് ആരംഭിക്കും.

STORY HIGHLIGHTS: varayadumotta-toughest-trekking-spot-in-trivandrum