Kerala

മർദനത്തിനിടെ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായ ബസ് ജീവനക്കാരെ റിമാൻഡ് ചെയ്തു – malappuram auto driver murder case

മർദ്ദിച്ചതിനു പിന്നാലെ ഉണ്ടായ മാനസിക സംഘർഷം പ്രത്യാഘാതത്തിലേക്ക് നയിച്ചു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്

മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ച കേസിൽ അറസ്റ്റിലായ മൂന്നുപേരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഓട്ടോഡ്രൈവർ അബ്ദുൽ ലത്തീഫ് മരിച്ച സംഭവത്തിലാണ് മലപ്പുറം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബസ് ജീവനക്കാരായ മുഹമ്മദ് നിഷാദ്, സിജു, സുജീഷ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.

മലപ്പുറം കോഡൂരിൽ വച്ചാണ് സ്വകാര്യബസ് ജീവനക്കാരന്റെ മര്‍ദനത്തിനു പിന്നാലെ ഓട്ടോ ഡ്രൈവര്‍ അബ്ദുൽ ലത്തീഫ് ആശുപത്രിയിലെത്തി ഓട്ടോയിൽ നിന്നിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ബസ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിന് വടക്കേമണ്ണയിൽ വെച്ച് ഇവർ അബ്ദുൽ ലത്തീഫിനെ മർദ്ദിക്കുകയായിരുന്നു. തിരൂര്‍– മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ കണ്ടക്ടറാണ് അബ്ദുൽ ലത്തീഫിനെ മര്‍ദിച്ചത്.

ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മർദ്ദിച്ചതിനു പിന്നാലെ ഉണ്ടായ മാനസിക സംഘർഷം പ്രത്യാഘാതത്തിലേക്ക് നയിച്ചു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. മലപ്പുറം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.

STORY HIGHLIGHT: malappuram auto driver murder case