തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ അത്യാവശ്യത്തിനു പണം ലഭിച്ചില്ലെങ്കിൽ തിങ്കൾ മുതൽ ട്രഷറി സേവനത്തിൽ കടുത്ത നിയന്ത്രണം ഉണ്ടാകും. സാമ്പത്തിക സ്ഥിതി രൂക്ഷമായതോടെ മാസത്തിന്റെ ആദ്യ 5 പ്രവൃത്തി ദിവസങ്ങളിൽ ശമ്പളവും പെൻഷനും മാത്രമേ നൽകുന്നുള്ളൂ. പിഎഫ്, മെഡിക്കൽ, പ്ലാൻ ചെലവുകൾ എന്നിവയുടെ ബില്ലുകൾ പാസാക്കില്ല. തിങ്കളാഴ്ച മുതൽ ബില്ലുകൾ പരിഗണിക്കേണ്ടിവരും. അതിനുള്ള പണം ഇനിയും ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ട്രഷറി ഓവർ ഡ്രാഫ്ടിൽ ആണെന്നു വിവരങ്ങൾ ഉണ്ടെങ്കിലും ഉദ്യോഗസ്ഥർ നിഷേധിച്ചു. പണം ലഭിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ സ്ഥിതി വഷളാകുമെന്നും അവർ വ്യക്തമാക്കി. ട്രഷറിയിൽനിന്നുള്ള പണ വിതരണം നീട്ടിവയ്ക്കാനാണ് സെർവർ തകരാർ പോലുള്ള കാര്യങ്ങൾ പറയുന്നതെന്ന ആക്ഷേപം ഉണ്ട്. മാത്രമല്ല, വാക്കാലോ വാട്സാപ് വഴിയോ നൽകുന്ന നിർദേശങ്ങൾ വഴിയും പണമൊഴുക്കിനു പലപ്പോഴും നിയന്ത്രണം ഏർപ്പെടുത്തുന്നെന്ന് ജില്ലാ ട്രഷറി ഉദ്യോഗസ്ഥർ പറയുന്നു.
കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി 11നും 12നും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുണ്ടക്കൈ–ചൂരൽമല പുനരധിവാസ സഹായത്തിന്റെ സമയപരിധിയാണു പ്രധാനവിഷയമെങ്കിലും ട്രഷറിയെ സമ്പന്നമാക്കുന്നതിലായിരിക്കും സംസ്ഥാനത്തിന്റെ താൽപര്യം. പുനരധിവാസത്തിനായി കേന്ദ്രം അനുവദിച്ച 529.5 കോടി രൂപയുടെ പലിശരഹിത വായ്പ മാർച്ച് 31ന് അകം ചെലവഴിക്കണമെന്നാണു നിർദേശം. ഇതിൽ ഇളവു വേണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം വായ്പ എടുക്കുന്നതിന് അനുമതി ലഭ്യമാക്കുന്നതുൾപ്പെടെ ആവശ്യങ്ങളും ആവർത്തിക്കും.