തിരുവനന്തപുരം: സുഹൃത്ത് ഫർസാനയെ വെഞ്ഞാറമ്മൂട് കൊലക്കേസ് പ്രതി അഫാൻ വീട്ടിലെത്തിച്ചത് അമ്മയ്ക്കു അസുഖം കൂടുതലാണെന്നു കള്ളം പറഞ്ഞ്. കാൻസർ രോഗിയായ അമ്മ ഷെമിക്ക് അസുഖം കൂടുതലാണെന്നും ഫർസാനയെ കാണണമെന്നും പറഞ്ഞതിനാൽ വീട്ടിലേക്കു വരണമെന്നും സംഭവദിവസം താൻ ഫർസാനയെ അറിയിച്ചതായി അഫാൻ പൊലീസിനു മൊഴി നൽകി. നടന്ന് കാവറ റോഡിലെത്തിയ ഫർസാനയെ ബൈക്കിൽ കാത്തുനിന്ന അഫാൻ വീട്ടിലെത്തിച്ചു. പൂട്ടിയ ഗേറ്റ് തുറക്കാൻ നോക്കിയപ്പോൾ കയ്യിലെ താക്കോൽ നഷ്ടപ്പെട്ടതായി മനസ്സിലാക്കി. തുടർന്ന്, മതിലിന് ഉയരം കുറഞ്ഞ ഭാഗത്ത് ഇഷ്ടിക അടുക്കിവച്ച് അതിൽ ചവിട്ടി ഇരുവരും മതിൽ ചാടിക്കടക്കുകയായിരുന്നു.
പണയംവയ്ക്കാൻ നൽകിയ സ്വർണമാല തിരികെ ചോദിച്ച് സമ്മർദത്തിലാക്കിയ ഫർസാനയോടു തനിക്ക് വൈരാഗ്യമുണ്ടായിരുന്നതായും അഫാൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു തന്നെ സഹായിക്കാൻ ഫർസാന സ്വർണമാല നൽകിയിരുന്നു. എന്നാൽ, ഫർസാനയുടെ വീട്ടുകാർ ഇതറിഞ്ഞതോടെ പ്രശ്നമായി.
മാല തിരികെ ചോദിച്ച് ഫർസാന തന്റെ മേൽ സമ്മർദം ചെലുത്തി. ഇതേത്തുടർന്ന്, തന്റെ പിതാവിന്റെ കാർ ആറ്റിങ്ങലിലെ പണമിടപാട് സ്ഥാപനത്തിൽ പണയംവച്ചു. അതുവഴി ലഭിച്ച പണമുപയോഗിച്ചു മാല എടുത്തുകൊടുത്തെങ്കിലും ഫർസാനയോടുള്ള വൈരാഗ്യത്തിന് ഇതും കാരണമായി. ദുരിതാവസ്ഥയിൽ തന്നെ വീർപ്പുമുട്ടിച്ചെന്ന ചിന്തയാണു ഫർസാനയോടുണ്ടായിരുന്നതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി.
സ്വന്തം വീട്ടിൽ അമ്മ ഷെമിയെ ആക്രമിച്ച ശേഷം മുറി പൂട്ടിയ അഫാൻ താക്കോൽ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചതായി പൊലീസ് കണ്ടെത്തി. പേരുമലയിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ താക്കോൽ കണ്ടെടുത്തു. ഷാൾ ഉപയോഗിച്ച് അമ്മയെ ഭിത്തിയിൽ തലയ്ക്കടിച്ചു കൊലപ്പെടുത്താനാണ് അഫാൻ ആദ്യം ശ്രമിച്ചത്. രക്തംവാർന്ന നിലയിൽ അമ്മയെ മുറിയിലിട്ട ശേഷം ഇയാൾ മുത്തശ്ശി സൽമാ ബീവിയുടെ വീട്ടിലേക്കു പോയി. മുത്തശ്ശിയെയും പിതൃസഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം തിരികെ വീട്ടിലെത്തിയ അഫാൻ മുറിയിൽ നിന്ന് അമ്മയുടെ ഞെരക്കം കേട്ടതോടെ വീണ്ടും ആക്രമിച്ചു.