കാസർകോട്: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ടി.വി പ്രശാന്തിനെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി വ്യാജ രേഖയുണ്ടാക്കിയതിൽ കേസെടുക്കണമെന്നാണ് ആവശ്യം. കണ്ണൂർ കലക്റ്ററേറ്റ്, വിജിലൻസ് എന്നിവിടങ്ങളിൽ നവീൻ ബാബുവിനെതിരെ ഒരു പരാതിയും ഇല്ലെന്ന വിവരാവകാശ രേഖ പുറത്ത് വന്നതിന് പിന്നാലെ ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്‌സിങ് ആണ് പരാതി നൽകിയത്.
നവീൻ ബാബുവിനെതിരെ പരാതികൾ ലഭ്യമായിട്ടില്ലെന്ന് റവന്യൂ സെക്രട്ടറിയുടെ ഓഫീസും വിജിലൻസ് ഡയറക്ടറേറ്റും കണ്ണൂർ ജില്ലാ കലക്ട്രേറ്റും നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു. ഇതിലൂടെ പ്രശാന്തൻ വ്യാജമായി പരാതി സൃഷ്ടിക്കുകയാണെന്ന് വ്യക്തമാണ്. വ്യാജ പരാതി ഉണ്ടാക്കിയ ഇയാൾക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂർ ജയ്‌സിങ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നവീൻ ബാബുവിനെതിരെ പരാതികൾ ഇല്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കിയതിൻ്റെ അടിസ്ഥാനത്തിൽ പ്രശാന്തന് എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപണമുന്നയിച്ചതോടെയാണ് പ്രശാന്തന്‍ വാർത്തകളിൽ ഇടംപിടിക്കുന്നത്. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പ്രശാന്തൻ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ ദിവ്യ മാത്രമാണ് പ്രതിസ്ഥാനത്ത് ഉള്ളത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രശാന്തിനെ പ്രതി ചേർക്കുകയോ വ്യാജ പരാതിയ്ക്ക് മേൽ പുതിയ കേസ് എടുക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. വിവരാവകാശ രേഖകളും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.