ഭോപ്പാല്‍: പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന ഭേദഗതികൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് നിർബന്ധിത മതപരിവർത്തനം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന ഭേദഗതി നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.
പെൺകുട്ടികളുടെ മതപരിവർത്തനത്തിന് വിധേയമാക്കുന്നവര്‍ക്ക് വധശിക്ഷ നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മധ്യപ്രദേശ് മാറുമെന്നും യാദവ് പറഞ്ഞു. ‘നിഷ്‌കളങ്കരായ പെണ്‍മക്കളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഈ വിഷയത്തില്‍ വധശിക്ഷയ്ക്കുള്ള വ്യവസ്ഥ കൊണ്ടുവന്നുകഴിഞ്ഞു. ഇതു കൂടാതെ മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമംകൂടി മധ്യപ്രദേശില്‍ കൊണ്ടുവരും”- ഇങ്ങനെയായിരുന്നു മോഹന്‍ യാദവിന്റെ വാക്കുകള്‍.
നിയമവിരുദ്ധമായ മതപരിവർത്തനത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെ സംസ്ഥാന സർക്കാർ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെൺമക്കളുടെ സംരക്ഷണത്തിനും ആത്മാഭിമാനത്തിനും മധ്യപ്രദേശ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിന്നീട് എക്സില്‍ പങ്കുവെച്ചു. അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. നിർബന്ധിത മതപരിവർത്തനം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്നും ആദ്യമത് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ് പറഞ്ഞു. ഭോപ്പാലിൽ കാണാതായ പെൺകുട്ടികളുടെ കേസുകൾ എന്തായെന്നും അദ്ദേഹം ചോദിച്ചു.