World

യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാൻ സന്നദ്ധമെന്ന് യുക്രെയ്ൻ

കീവ്: റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനായി എന്തും ചെയ്യാൻ സന്നദ്ധമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി. കിവിയില്‍ വച്ച് യുക്രെയ്ന്‍-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും അതിനുള്ള നടപടികള്‍ ഉടന്‍തന്നെ ഒരുമിച്ച് കൈക്കൊള്ളണമെന്നും തീരുമാനിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്താനിരിക്കെയാണ് യുദ്ധം സമാധാനപൂര്‍വം അവസാനിപ്പിക്കാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന സെലന്‍സ്കിയുടെ പ്രസ്താവന.

‘‘കീവിൽ വച്ച് യുക്രെയ്നിലെയും യുകെയിലും നയതന്ത്ര ഉദ്യേഗസ്ഥർ തമ്മിൽ വളരെ ഫലപ്രദമായ കൂടിക്കാഴ്ചയാണ് നടന്നത്. സമാധാനത്തിലേക്ക് നമ്മെ അടുപ്പിക്കാനും നയതന്ത്ര ശ്രമങ്ങള്‍ വേഗത്തിലാക്കാനുമുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഈ പിന്തുണയ്ക്ക് നന്ദിയുണ്ട്’’. സമാധാനത്തോടെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ യുക്രെയ്ന്‍ നിശ്ചയദാര്‍ഢ്യം ചെയ്തിരിക്കുന്നുവെന്ന് സെലൻസ്കി പറഞ്ഞു.

‘‘അടുത്ത ആഴ്ച, ഞാൻ സൗദി അറേബ്യ സന്ദർശിക്കും. തിങ്കളാഴ്ച കിരീടാവകാശിയുമായുള്ള എന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷം, യുക്രെയ്ൻ നയതന്ത്ര, സൈനിക പ്രതിനിധികൾ ചൊവ്വാഴ്ച അമേരിക്കൻ സംഘവുമായും കൂടിക്കാഴ്ച നടത്തും. യുക്രെയ്ൻ‌ സംഘത്തിൽ ആൻഡ്രി യെർമാക്, ആൻഡ്രി സിബിഹ, റുസ്റ്റം ഉമെറോവ്, പാവ്‌ലോ പാലിസ എന്നിവർ ഉൾപ്പെടും’’ – സെലൻസ്കി എക്സിൽ അറിയിച്ചു. ഈ യുദ്ധത്തിന്റെ ആദ്യ നിമിഷം മുതൽ തന്നെ യുക്രെയ്ൻ സമാധാനം തേടുകയാണ്. ആവശ്യമായ തീരുമാനങ്ങളും നടപടികളും ചർച്ച ചെയ്ത് അംഗീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. യാഥാർഥ്യ ബോധമുള്ള നിർദേശങ്ങൾ മേശപ്പുറത്തുണ്ട്. വേഗത്തിലും ഫലപ്രദമായും നീങ്ങുക എന്നതാണ് പ്രധാനമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.