Kerala

കാസർഗോഡ് നിന്ന് കാണാതായ പെൺകുട്ടിയും അയൽവാസിയായ യുവാവും മരിച്ച നിലയിൽ

കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. 15കാരി ശ്രേയ, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തി. പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗയിലെ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകളാണ് ശ്രേയയെ മൂന്നാഴ്ച മുമ്പാണ് ശ്രേയയെ കാണാതായത്. ഇന്ന് രാവിലെ മുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗ മണ്ടെക്കാപ്പ് ഗ്രൗണ്ടിന് സമീപത്തെ തോട്ടത്തിലെ അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്.

ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നൽകിയത്. ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമാണിത്. തോട്ടത്തിലെ ഉള്‍ഭാഗങ്ങളിലാണ് കൂടുതൽ തെരച്ചിൽ നടത്തിയിരുന്നതെന്നും നേരത്തെ ഈ ഭാഗത്ത് തെരച്ചിൽ കാര്യമായി നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതിനൊപ്പം അയൽവാസിയായ യുവാവിനെയും കാണാതായിരുന്നു. കാണാതായി 26 ദിവസത്തിനുശേഷമാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തിയുമടക്കം കണ്ടെടുത്തു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.