ഹംപിയിൽ വിദേശവനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ഗംഗാവതി സ്വദേശിയായ നിർമ്മാണത്തൊഴിലാളിയാണ് കേസിലെ മൂന്നാം പ്രതി. ഗംഗാവതി സായ് നഗര്‍ സ്വദേശികളായ സായ് മല്ലു, ചേതന്‍ സായ് എന്നിവരെ കൊപ്പല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വിനോദ സഞ്ചാരിയായ ഇസ്രയേല്‍ സ്വദേശി 27കാരിയും ഹോം സ്റ്റേ ഉടമയായ 29കാരിയും കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലില്‍ ഇട്ട ശേഷമായിരുന്നു സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മൂന്നാമന് വേണ്ടി തെരച്ചില്‍ നടത്തുന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തതായും കൂടെയുള്ളവരെ ആക്രമിച്ചതായും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കനാലില്‍ വീണ ഒഡി സ്വദേശിയായ ബിബാഷ് മുങ്ങി മരിച്ചിരുന്നു. സ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുഎസ് പൗരന്‍ ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.