നോമ്പിന് ഉഗ്രൻ സ്വാദിൽ തയ്യാറാക്കാം ഇറച്ചി പത്തിൽ. ഒരു മലബാർ സ്പെഷ്യൽ സ്നാക്ക് റെസിപ്പിയാണിത്. ചിക്കനും, ബീഫും, പച്ചക്കറികളുമൊക്കെ ചേർത്ത് ഇത് തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഗോതമ്പ്പൊടി- 1 കപ്പ്
- മൈദ- 1 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
- ബീഫ്- 1/2 കിലോ
- കാശ്മീരിമുളകുപൊടി- 1 ടേബിൾസ്പൂൺ
- മല്ലിപ്പൊടി- 1 ടേബിൾസ്പൂൺ
- സവാള- 7
- പച്ചമുളക്- 6
- വെളുത്തുള്ളി- 12
- ഇഞ്ചി- ചെറിയ കഷ്ണം
- കറിവേപ്പില- 1 പിടി
- ഗരംമസാല- 1/2 ടീസ്പൂൺ
- കുരുമുളകുപൊടി- 1/4ടീസ്പൂൺ
- മല്ലിയില
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് മൈദയിലേയ്ക്ക് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തിളക്കി മാവ് തയ്യാറാക്കാം. അതിൽ നിന്നും അൽപം വീതം എടുത്ത ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കാം. അര കിലോ ബീഫ് കഷ്ണങ്ങളാക്കിയതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നന്നായി വേവിച്ചുവെയ്ക്കാം.
ഒരു പാത്രത്തിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാളയും, ഉപ്പും, കറിവേപ്പിലയും ഇട്ടു നന്നായി വഴറ്റാം. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും ചേർത്തുകൊടുത്ത് നന്നായി വഴറ്റി വേവിച്ചുവെച്ച ബീഫ് ചേർത്ത് കുറച്ച് ഗരം മസാലയും കുരുമുളകുപൊടിയും മല്ലിയിലയും ചേർത്തു നന്നായി യോജിപ്പിച്ച് മാറ്റിവെക്കാം. കുഴച്ചുവെച്ച മാവ് ചപ്പാത്തിയുടെ വലിപ്പത്തിൽ പരത്തിയെടുത്ത് രണ്ട് സൈഡിലായി കുറച്ചു മസാല വെച്ച് അടച്ച് സൈഡ് എല്ലാം നന്നായി ഒട്ടിച്ച് കൊണ്ട് മുറിച്ചെടുക്കാം. നന്നായി തിളച്ചുവന്ന എണ്ണയിലേക്ക് ഇട്ടുകൊടുത്ത് രണ്ടുവശവും പൊരിച്ചെടുത്ത് കോരി മാറ്റാം.