Business

എച്ച്‌സിഎല്‍ ടെക്‌നോളജീസ് മകള്‍ക്ക് ഇഷ്ടദാനം നല്‍കി ശിവ് നാടാര്‍; ഇനി റോഷ്‌നി നയിക്കും | HCL Technologies

വാമ സുന്ദരിയും എച്ച്‌സിഎല്‍ കോര്‍പ്പറേഷനും എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ പ്രൊമോട്ടര്‍ ഗ്രൂപ്പുകളാണ്

ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ നിയന്ത്രണം ശിവ് നാടാര്‍ കുടുംബത്തില്‍ തന്നെ നിലനിര്‍ത്തി മകള്‍ക്ക് ഇഷ്ടദാനം. കുടുംബ പിന്തുടര്‍ച്ച പദ്ധതിയുടെ ഭാഗമായി, എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാര്‍ വാമ സുന്ദരി ഇന്‍വെസ്റ്റ്‌മെന്റ്‌സ് (ഡല്‍ഹി) പ്രൈവറ്റ് ലിമിറ്റഡിലും എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിലുമുള്ള തന്റെ 47 ശതമാനം ഓഹരികള്‍ മകള്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയ്ക്ക് ഇഷ്ടദാനമായി കൈമാറി.

വാമ സുന്ദരിയും എച്ച്‌സിഎല്‍ കോര്‍പ്പറേഷനും എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ പ്രൊമോട്ടര്‍ ഗ്രൂപ്പുകളാണ്. എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ വാമ സുന്ദരിക്ക് 44.17 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. എച്ച്‌സിഎല്‍ കോര്‍പ്പറേഷന് 0.17 ശതമാനവും. ശിവ് നാടാര്‍ മകള്‍ക്ക് ഇഷ്ടദാനം നല്‍കിയതോടെ എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഇനി റോഷ്‌നി നാടാര്‍ മല്‍ഹോത്ര നയിക്കും.

”പിന്തുടര്‍ച്ച സുഗമമാക്കാന്‍ ഉദ്ദേശിച്ചാണ് ശിവ് നാടാര്‍ മകള്‍ക്ക് ഇഷ്ടദാനം നല്‍കിയത്. ശിവ് നാടാര്‍ കുടുംബത്തിന്റെ (പ്രൊമോട്ടര്‍ കുടുംബം) ഉടമസ്ഥാവകാശത്തിന്റെയും നിയന്ത്രണത്തിന്റെയും തുടര്‍ച്ച ഉറപ്പാക്കുകയും കമ്പനിക്ക് സ്ഥിരത നല്‍കുകയും ചെയ്യും,”- എച്ച്‌സിഎല്‍ ടെക്‌നോളജീസ് റെഗുലേറ്ററി ഫയലിങ്ങില്‍ പറഞ്ഞു.

content highlight: HCL Technologies