Food

ചൂട് പുളിശ്ശേരിയും ചോറും ഉണ്ടെങ്കിൽ ഉച്ചയ്ക്ക് ഊണ് കുശാലായി

ചൂട് പുളിശ്ശേരിയും ചോറും ഉണ്ടെങ്കിൽ ഉച്ചയ്ക്ക് ഊണ് കുശാലായി. കിടിലൻ സ്വാദാണ് ഇതിന്. കുറുകിയ കുമ്പളങ്ങ പുളിശ്ശേരി ഒരു തവണ ട്രൈ ചെയ്തു നോക്കൂ.

ആവശ്യമായ ചേരുവകൾ

  • കുമ്പങ്ങ- 1/2 കപ്പ്
  • തേങ്ങ- 1/4 കപ്പ്
  • തൈര്- 2 കപ്പ്
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
  • ജീരകം- 1/2 ടീസ്പൂൺ
  • ഉലുവപ്പൊടി- 1/4 ടീസ്പൂൺ
  • പച്ചമുളക്- 2
  • ചുവന്നുള്ളി- 3
  • കറിവേപ്പില- ആവശ്യത്തിന്
  • എണ്ണ- ആവശ്യത്തിന്കടുക്- 1/2 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിരകിയെടുത്ത തേങ്ങയിലേയ്ക്ക് മഞ്ഞൾപ്പൊടിയും ചുവന്നുള്ളിയും ചേർത്ത് അരച്ചു മാറ്റി വയ്ക്കാം. കട്ടത്തൈര് ഉടച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രത്തിലേയ്ക്ക് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ കുമ്പളങ്ങ ചേർക്കാം. അതിലേയ്ക്ക് നെടുകെ കീറിയ പച്ചമുളക്, അൽപം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് അടച്ചു വച്ച് വേവിക്കാം. പച്ചക്കറികൾ വെന്തതിലേയ്ക്ക് തേങ്ങ അരച്ചതു ചേർക്കാം.

അതിലേയ്ക്ക് ഉടച്ചു മാറ്റി വച്ച തൈര് ചേർത്തിളക്കി യോജിപ്പിക്കാം. തിളച്ചു വരുമ്പോൾ ഉലുവ ഉണക്കിപൊടിച്ചതും ചേർക്കാം. ഒരു പാൻ അടുപ്പിൽ വച്ച് കുറച്ച് എണ്ണ ഒഴിച്ച് കടുക് ചേർത്തു പൊട്ടിക്കാം. അതിലേയ്ക്ക് രണ്ട് വറ്റൽമുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്തു വറുക്കാം. തിളച്ചു കുറുകി വന്ന കറിയിലേയ്ക്ക് അത് ഒഴിച്ച് അടുപ്പിൽ നിന്നും മാറ്റാം. കുമ്പളങ്ങ പുളിശ്ശേരി തയ്യാറായിരിക്കുന്നു.