Kerala

എം വി ഗോവിന്ദന്‍ തന്നെ സിപിഐഎമ്മിനെ നയിക്കും; കെ കെ ശൈലജയും എം വി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ; സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ തുടരും. പാർട്ടി സംസ്ഥാന സമ്മേളനമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് മാസ്റ്റർ പാർട്ടിയെ നയിക്കുന്നത്. സിപിഐഎം സംസ്ഥാന സമ്മേളനം കൂടുതല്‍ യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തിയാണ് സിപിഐഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തിരിക്കുന്നത്.

17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള 89 അംഗ സംസ്ഥാന കമ്മിറ്റിയും പതിനേഴ് അംഗ സെക്രട്ടേറിയറ്റും നിലവില്‍ വന്നു. എം വി ജയരാജനും സി എന്‍ മോഹനനും കെ കെ ശൈലജയും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. പി. ജയരാജന്‍ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇല്ല. സീനിയറായ നേതാവായിട്ടും ഇത്തവണയും പരിഗണിച്ചില്ല.

സംസ്ഥാന കമ്മിറ്റിയില്‍ 17 പുതുമുഖങ്ങളെയാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ ബിന്ദു, വി കെ സനോജ്, വി വസീഫ് തുടങ്ങിയവര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. ജോണ്‍ ബ്രിട്ടാസിനെ സ്ഥിരപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് എ കെ ബാലന്‍, പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, കെ വരദരാജന്‍, എം കെ കണ്ണന്‍, ബേബി ജോണ്‍, ഗോപി കോട്ടമുറിക്കല്‍ എന്നിവരെ ഒഴിവാക്കി. കണ്ണൂരിലേയും എറണാകുളത്തേയും ജില്ലാ സെക്രട്ടറിമാരേയും മാറ്റാന്‍ സാധ്യതയുണ്ട്. കണ്ണൂരില്‍ ടി വി രാജേഷും എറണാകുളത്ത് പി. ആര്‍ മുരളീധരനും ജില്ലാ സെക്രട്ടറിമാരായേക്കും.

കെ എച്ച് ബാബു ജാനെ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു. അദ്ദേഹം സംസ്ഥാന സമിതിയില്‍ ക്ഷണിതാവാകും.

Latest News