കാസ്റ്റിംഗ് കൗച്ചുമായി സമീപിക്കുന്നവരോട് നോ പറയണമെന്ന് നടി ഹണി റോസ്. എന്നാല്‍ നോ പറയുന്നതോടെ ആ അവസരവും തുടര്‍ന്നുള്ള അവസരങ്ങളും നഷ്ടമാകുമെന്നും ഹണി റോസ് പറയുന്നുണ്ട്. ”കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വൃത്തികേട് നമ്മള്‍ കഴിവുള്ള ആളാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തയ്യാറായാലേ വര്‍ക്കുള്ളൂ എന്ന അവസ്ഥയാണ്. എതിര്‍ത്തു നില്‍ക്കുമ്പോള്‍ ജോലിയ്ക്ക് വിളിക്കില്ല. അതിനെതിരെ ഫൈറ്റ് ചെയ്യേണ്ടി വരില്ല. ഒരു പുരുഷ താരമാകുമ്പോള്‍ ഇതുപോലൊരു ചൂഷണം നേരിടേണ്ടി വരില്ല.” എന്നും ഹണി റോസ് പറയുന്നുണ്ട്.
താരത്തിന്റെ വാക്കുകളിലേക്ക്.
”പേടിക്കേണ്ടതായ സാഹചര്യമില്ല. സിനിമ ഇന്‍ഡസ്ട്രിയില്‍ പേടിക്കേണ്ട സാഹചര്യമില്ല. അല്ലെങ്കില്‍ ശാരീരികമായി ആക്രമിക്കുന്ന സാഹചര്യം ഉണ്ടാകണം. അങ്ങനൊരു സാഹചര്യത്തെക്കുറിച്ച് വളരെ വിരളമായാണ് കേട്ടിട്ടുള്ളത്. എന്റെ അറിവില്‍ ഫോണ്‍ കോളിലൂടേയോ നേരിട്ടോ സംസാരിക്കുകയാവും ചെയ്യുക. നമുക്ക് അതിന് മറുപടി നല്‍കാന്‍ സാധിക്കില്ലേ? വ്യക്തമായി മറുപടി നല്‍കാനാകും. പിന്നെ ആ മനുഷ്യന്‍ മുന്നിലേക്ക് വരില്ല. പക്ഷെ ആ അവസരം അവിടെ നഷ്ടപ്പെടുമോ ഇല്ലയോ എന്നറിയില്ല. എന്നിരുന്നാലും പേടിക്കേണ്ടതായ കാര്യമില്ല. അപ്പോഴും അവസരത്തിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടാകുമെന്നത് അവിടെ കിടക്കുന്നു.”
”കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. പുതിയ ആളായി ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ നമ്മള്‍ എസ്റ്റാബ്ലിഷ് ആയിരിക്കില്ല. അപ്പോഴായിരിക്കും ഈ ചൂഷണം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരിക. ഞാന്‍ കേട്ടിട്ടുള്ളതും ഞാന്‍ അനുഭവിച്ചിട്ടുള്ളതും ഫോണ്‍ കോളിലൂടെയുള്ള സംസാരമാണ്. മറുപടി നല്‍കുമ്പോള്‍ അത് അവിടെ നില്‍ക്കും. അതോടെ ആ പടത്തിലേക്കും ആ വ്യക്തിയുടെ സിനിമകളിലേക്കും നമ്മളെ വിളിക്കാതാകും. അതൊരു യാഥാര്‍ത്ഥ്യമാണ്. നിര്‍ഭാഗ്യവശാല്‍ നമുക്ക് പ്രതികരണം നല്‍കാം എന്നല്ലാതെ വേറൊന്നും ചെയ്യാനാകില്ല” എന്നാണ് ഹണി റോസ് പറയുന്നത്.
കാസ്റ്റിംഗ് കൗച്ച് എന്നത് മറ്റ് പല ഭാഷകളിലേയും പോലെ മലയാള സിനിമാ ലോകത്തും നേരിടേണ്ടി വരുന്ന യാഥാര്‍ത്ഥ്യമാണെന്ന് പല താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. മിക്കപ്പോഴും സിനിമയില്‍ ബന്ധങ്ങളോ വേരുകളോ ഇല്ലാതെ കടന്നു വരുന്നവര്‍ക്കാകും ഇത്തരം ചൂഷണങ്ങളെ നേരിടേണ്ടി വരിക. എന്നാല്‍ താരങ്ങളുടെ മക്കള്‍ക്കു പോലും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വരലക്ഷ്മി ശരത്കുമാറിനെ പോലുള്ളവരുടെ വെളിപ്പെടുത്തലുകള്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഈയ്യടുത്ത് ബിസിനസുകാരന്‍ ബോബി ചെമ്മണ്ണൂരിനെതിരായ നിയമപോരാട്ടത്തിലൂടേയും ഹണി റോസ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്നെക്കുറിച്ച് പൊതുവേദികളിലും അഭിമുഖങ്ങളിലും അശ്ലീലചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനാണ് ഹണി റോസ് പരാതി നല്‍കിയത്. പിന്നാലെ ബോബി ചെമ്മണ്ണൂര്‍ അകത്താവുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഹണി റോസിനെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേര്‍ രംഗത്തെത്തി്.
ഈ വിവാദത്തിനിടെ ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഹണി റോസ് ചെയ്തത്. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അസഭ്യപ്രചരണം നടത്തുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്തവരെ താരം നിയമം കൊണ്ട് നേരിട്ടു. പിന്നാലെ പൊതുസമൂഹത്തില്‍ നിന്നും ഹണി റോസിന് വലിയ പിന്തുണയും ലഭിച്ചിരുന്നു.
content highlight: honey-rose-opens-up-about-casting-couch