സുരഭി ലക്ഷ്മി! മലയാള സിനിമയുടെ അഭിമാനമായി കുറച്ചു വർഷങ്ങൾക്ക് മുൻപ് ദേശീയ അവാർഡ് വേളയിൽ മുഴങ്ങി കേട്ട പേര്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയപ്പോളും, എനിക്കിനിയും മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന് ഉള്ള് തുറന്ന്, നിറഞ്ഞ ചിരിയോടെ പറഞ്ഞ നടി. എന്നാൽ മലയാള സിനിമയിലെ മുൻനിര ചിത്രങ്ങളുടെ ഭാഗമാകാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു സുരഭി ലക്ഷ്മിക്ക്.
കോഴിക്കോട്ടുകാരിയായ സുരഭി ലക്ഷ്മി ഭരതനാട്യത്തിൽ ബിഎയും തിയറ്റർ ആർട്ട്സിൽ എംഎയും ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയിട്ടുണ്ട്. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫി ഇൻ പെർഫോമിംഗ് ആർട്സിലും മാസ്റ്റേർസ് നേടി. സുരഭിയുടെ അഭിനയ മികവിന് പ്രശംസകൾ ഏറെയാണ്. സഹനടിയായാണ് കൂടുതലും സുരഭി സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. അതേസമയം എആർഎമ്മിൽ ശ്രദ്ധേയ നായികാ വേഷം ലഭിച്ചു.
ദേശീയ പുരസ്കാരം ലഭിച്ചെങ്കിലും കരിയറിൽ ഇത് ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്ന് സുരഭി നേരത്തെ പറഞ്ഞിരുന്നു. അവസരങ്ങൾ വരുന്നത് കുറവാണ്. ദേശീയ പുരസ്കാരം ലഭിച്ച ശേഷം ചെറിയ റോളുകൾക്ക് ആരും വിളിക്കാതായെന്നും ഒരിക്കൽ സുരഭി തുറന്ന് പറയുകയുണ്ടായി. എന്നാൽ ഇന്ന് മികച്ച അവസരങ്ങൾ സുരഭിയെ തേടിയെത്തുന്നു. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
റെെഫിൾ ക്ലബിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ വേഷമാണ് സുരഭി ചെയ്തത്. ആക്ഷൻ രംഗങ്ങളിൽ നടി തിളങ്ങി. ചിത്രത്തിൽ ലിപ് ലോക്ക് രംഗത്തിലും സുരഭി അഭിനയിച്ചിട്ടുണ്ട്.
ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സുരഭി. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തുലാണ് നടി മനസ് തുറന്നത്. അതുവരെയും അങ്ങനെയാെരു സീൻ ഞാൻ ചെയ്തിട്ടില്ല. അന്ന് രാവിലെയാണ് ഇതേക്കുറിച്ച് ഷറഫും ശ്യാമേട്ടനും പറയുന്നത്. ഞാനാണല്ലോ എല്ലാവരെയും പറ്റിക്കുന്നത്, ഇനി എന്നെ പറ്റിക്കാൻ വേണ്ടി പറയുകയാണോ എന്നറിയില്ലായിരുന്നു. പൊതുവെ ഇങ്ങനെയാെരു സീൻ ചെയ്യുമ്പോൾ എല്ലാവരും മാറി നിൽക്കും. കാരണം അഭിനയിക്കുന്നവർ കംഫർട്ടബിൾ ആയിരിക്കില്ല. സജീവേട്ടൻ സിഗരറ്റ് വലിക്കുന്നതല്ലേ, പോയി ബ്രഷ് ചെയ്ത് വാ അടുത്തത് കിസ്സിംഗ് സീനാണെന്ന് താൻ പറഞ്ഞെന്നും സുരഭി ചിരിയോടെ ഓർത്തു.
സെറ്റിലുള്ളവരിൽ ലിപ് ലോക്ക് സീനുകൾ ചെയ്തയാൾ ദർശനയാണ്. ഗുരുനാഥ ഇല്ലല്ലോ എങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. ഓടിപ്പോയി ബ്രഷ് ചെയ്ത് ഏലക്കായ കഴിച്ച് ഓക്കെ റെഡി എന്ന് പറഞ്ഞ് നിന്നു. കിസിംഗ് സീനാണ് എല്ലാവരും വന്നോയെന്ന് ഞാൻ പോകുന്ന വഴി പറഞ്ഞു. ആ സെറ്റിലെ മൊത്തം ആൾക്കാരും അതിന്റെ പിന്നിലുണ്ടായിരുന്നെന്നും സുരഭി ഓർത്തു. അതിനെ പ്രൊഫഷണൽ രീതിയിൽ എല്ലാവരും കണ്ടെന്നും സുരഭി പറയുന്നു. സീനിൽ ഒരു റീ ടേക്ക് കൂടെ വേണ്ടി വന്നു. ഈ സീൻ ചെയ്യുമ്പോൾ ടെക്നിക്കലായ വശങ്ങളിലേക്കായിരുന്നു ശ്രദ്ധയെന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി.
തിയറ്റർ പഠിച്ചതിനാൽ വ്യക്തി ജീവിതത്തിലെ ദുഖങ്ങളും മറ്റും പെർഫോമൻസിന് ഉപകാരപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും സുരഭി പറയുന്നു. റെെഫിൾ ക്ലബ് നടക്കുന്ന സമയത്ത് ഞാനെന്റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ്. എനിക്ക് മാനേജ് ചെയ്യാൻ പറ്റാത്ത ചെറിയ സംഭവങ്ങളായിരിക്കാം. ചില സമയത്ത് എന്റെ ചിന്തകളെ ബാധിച്ചു. ആ വിഷമത്തെ ആർട്ടിലേക്ക് കൺവേർട്ട് ചെയ്യുകയാണ് ആർട്ടിസ്റ്റെന്ന നിലയിൽ താൻ ചെയ്യാറെന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി.
content highlight: surabhi-lakshmi-opens-up-about-her-lip-lock-scene