Science

ഭൂമിയിലെ ഏറ്റവും പഴയ ഉല്‍ക്കാശിലാ പതന ഗര്‍ത്തം കണ്ടെത്തി | worlds-oldest-known-meteorite-impact-crater-found-in-pilbara-region-western-australia

100 കിലോമീറ്ററാണ് ഈ ഗര്‍ത്തത്തിന്‍റെ ഏകദേശ വ്യാസം.

ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ഉല്‍ക്കാശിലാ പതന ഗര്‍ത്തം ഓസ്ട്രേലിയയില്‍ കണ്ടെത്തി. ഭൂമിയില്‍ ഇതുവരെ തിരിച്ചറിഞ്ഞ ഏറ്റവും പഴക്കമേറിയ ഉല്‍ക്കാശിലാ ഗര്‍ത്തമാണിത്. ഓസ്ട്രേലിയയിലെ പെര്‍ത്തിലുള്ള കര്‍ട്ടിന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ചരിത്രം തിരുത്തിയെഴുതുന്ന ഈ കണ്ടുപിടുത്തം നടത്തിയത്. ഭൂമി എങ്ങനെയാണ് രൂപപ്പെട്ടത് എന്ന സംബന്ധിച്ച് സൂചനകള്‍ നല്‍കുന്ന ഈ ഗര്‍ത്തത്തിന് ഏകദേശം 3.5 ബില്യണ്‍ വര്‍ഷത്തെ പഴക്കമുള്ളതായി ഗവേഷകര്‍ പറയുന്നു. 100 കിലോമീറ്ററാണ് (62 മൈല്‍) ഈ ഗര്‍ത്തത്തിന്‍റെ ഏകദേശ വ്യാസം.

ഓസ്ട്രേലിയയിലെ കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റിയിലെ സ്കൂള്‍ ഓഫ് എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി സയന്‍സിലെ ഗവേഷകരാണ് ഇതുവരെ ഭൂമിയില്‍ തിരിച്ചറി‌ഞ്ഞ ഏറ്റവും പഴയ ഉല്‍ക്കാശിലാ നിര്‍മ്മിത ഗര്‍ത്തത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഓസ്ട്രേലിയന്‍ സംസ്ഥാനമായ വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ചരിത്രപ്രധാനമായ പില്‍ബറ ഭാഗത്താണ് ഈ ഗര്‍ത്തം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ നോര്‍ത്ത് പോള്‍ ഡോമിലുള്ള ശിലാപാളികള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ സഹായത്തോടെ പരിശോധിച്ചാണ് കണ്ടെത്തല്‍. ഏകദേശം 3.47 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ പതിച്ച ഒരു ഭീമന്‍ ബഹിരാകാശ പാറക്കഷണമാണ് ഗര്‍ത്തം സ‍ൃഷ്ടിച്ചത് എന്നാണ് ഗവേഷകരുടെ അനുമാനം. 2.2 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഉല്‍ക്കാ പതനത്തില്‍ രൂപപ്പെട്ടത് എന്ന് കരുതപ്പെടുന്ന വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ തന്നെയുള്ള യാറബുബ്ബ ഗര്‍ത്തത്തിന്‍റെ റെക്കോര്‍ഡ് ഇതോടെ വഴിമാറി.

‘ഞങ്ങളുടെ കണ്ടെത്തലിന് മുമ്പ് ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ഉല്‍ക്കാശിലാ നിര്‍മിത ഗര്‍ത്തത്തിന് 2.2 ബില്യണ്‍ ആയിരുന്നു പ്രായം. എന്നാല്‍ പുതിയ കണ്ടെത്താല്‍ അതിനേക്കാള്‍ ഏറെ പഴയ ഗര്‍ത്തമാകുന്നു’- പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളും കര്‍ട്ടിന്‍ സര്‍വകലാശാലയിലെ പ്രൊഫസറുമായ ടിം ജോണ്‍സര്‍ പറ‌ഞ്ഞു. അതിശക്തമായ സമ്മര്‍ദമുണ്ടാക്കുന്ന ഉല്‍ക്കാശിലാ പതനത്തെ തുടര്‍ന്ന് മാത്രമുണ്ടാകുന്ന ശിലാപാളികള്‍ പില്‍ബറയില്‍ തിരിച്ചറിഞ്ഞതാണ് ഇപ്പോഴത്തെ കണ്ടെത്തലിലേക്ക് കര്‍ട്ടിന്‍ സര്‍വകലാശാലയിലെ ഗവേഷകരെ നയിച്ചത്. മണിക്കൂറില്‍ 36,000 കിലോമീറ്ററിലേറെ വേഗം ഈ ഉല്‍ക്കാ പതനത്തിന് ഗവേഷകര്‍ കണക്കാക്കുന്നു. ഭൂമിയില്‍ പതിച്ച ഏറ്റവും പ്രധാനപ്പെട്ട ഉല്‍ക്കാ പതനങ്ങളിലൊന്നാണ് ഇതെന്ന നിഗമനത്തിലാണ് കര്‍ട്ടിന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. വലിയ ഉല്‍ക്കാശിലാ പതനങ്ങള്‍ പുരാതന സൗരയൂഥത്തില്‍ സാധാരണയായിരുന്നു എന്നാണ് ഇതിനെ കുറിച്ച് പ്രൊഫസര്‍ ജോണ്‍സണിന്‍റെ വാക്കുകള്‍. പില്‍ബറയിലെ ഉല്‍ക്കാ ഗര്‍ത്തത്തെ കുറിച്ച് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

STORY HIGHLIGHTS :  worlds-oldest-known-meteorite-impact-crater-found-in-pilbara-region-western-australia