ഇടുക്കി: ഇടുക്കിയിൽ അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച സംഭവത്തില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. ഉപ്പുതറ കൽത്തൊട്ടി സ്വദേശികളായ ജോസഫ്, റോയി, പൂപ്പാറ സ്വദേശി ബിജു എന്നിവരാണ് പിടിയിലായത്.
ഇടുക്കിയിൽ മതിയായ രേഖകളില്ലാതെ സ്ഫോടകവസ്തുക്കളെത്തിച്ച ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി, ഇയാൾക്ക് സ്ഫോടക വസ്തുക്കൾ നൽകിയ മുഹമ്മദ് ഫാസിൽ എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മൂന്ന് പേരെ കൂടി പിടികൂടിയത്.
ജോസഫും റോയിയും 210 ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമാണ് വാങ്ങിയത്. ബിജുവിൻ്റെ വീടിന് സമീപത്ത് നിന്ന് 98 ഡിറ്റനേറ്ററുകളും 46 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെത്തി. കഴിഞ്ഞ ദിവസം വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഷിബിലിയുടെ ജീപ്പിൽ നിന്ന് 300 ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തത്. ഈരാറ്റുപേട്ട നടക്കലിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 8701 ഡിറ്റനേറ്ററുകളും 2604 ജലാറ്റിൻ സ്റ്റിക്കുകളുമടക്കം വൻശേഖരം പിടി കൂടിയിരുന്നു.