ദുബായ്: ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിനു പിന്നാലെ പതിവ് ചോദ്യം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു നേരെ വന്നു. കിരീടം നേടിയാൽ ഏകദിനത്തിൽ നിന്നു വിരമിക്കുമോ, കിരീടം നേട്ടമില്ലെങ്കിൽ രോഹിത് ടീമിൽ നിന്നു പുറത്താകുമോ എന്നതടക്കമുള്ള ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി നടന്നിരുന്നു. പിന്നാലെയാണ് വിരമിക്കുമോ എന്ന ചോദ്യത്തിനു രോഹിത് തുറന്നടിച്ചു മറുപടി പറഞ്ഞത്.
‘ആദ്യമേ തന്നെ ഞാൻ ഒരു കാര്യം പറയാം. ഞനൊരിടത്തേക്കും പോകുന്നില്ല. ഏകദിനത്തിൽ നിന്നു വിരമിക്കാനും ഉദ്ദേശിക്കുന്നില്ല. ഭാവി കാര്യങ്ങൾ ഭാവിയിൽ പറയാം. തത്കാലം നാളെത്തെ കാര്യം സംബന്ധിച്ചു പദ്ധതികളൊന്നും ഇല്ല’- രോഹിതിന്റെ മറുപടി ഇതായിരുന്നു.
ഐസിസിയുടെ നാല് ടൂർണമെന്റുകളിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റനെന്ന പെരുമ രോഹിതിനു സ്വന്തം. അതിൽ രണ്ട് കിരീട നേട്ടങ്ങളും. ഐസിസി ടി20 ലോകകപ്പ് നേടി വെറും 9 മാസത്തിനുള്ളിൽ രണ്ടാം കിരീട നേട്ടമെന്ന അപൂർവ ബഹുമതിയും ഇനി ഹിറ്റ്മാന് സ്വന്തം. ദുബായിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനു വീഴ്ത്തി ഇന്ത്യ കിരീടത്തിൽ മുത്തമിടുമ്പോൾ 76 റൺസുമായി മുന്നിൽ നിന്നു നയിച്ചതും ക്യാപ്റ്റൻ തന്നെ.
content highlight: Rohith Sharma