Kerala

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുവാദം: മള്‍ട്ടി ക്യാമ്പസ് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി; നിയമസഭ ബില്ല് പാസ്സാക്കിയാലും അംഗീകരിക്കരുതെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് മള്‍ട്ടി ക്യാമ്പസ് അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി. പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് 2003ല്‍ യു.ജി.സി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ഒറ്റ ക്യാമ്പസ് മാത്രമേ പാടുള്ളൂ. സര്‍വകലാശാല ആരംഭിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞ ശേഷം മാത്രമേ സംസ്ഥാനത്തിനകത്തോ പുറത്തോ ഓഫ് ക്യാമ്പസുകളോ, സ്റ്റഡി സെന്ററുകളോ അനുവദിക്കാന്‍ പോലും പാടുള്ളൂവെന്നാണ് യു.ജി.സി ചട്ടം.

ഈ ചട്ടം മറികടക്കുന്നതിനാണ് മള്‍ട്ടി ക്യാമ്പസ് അനുവദിക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മള്‍ട്ടി ക്യാമ്പസ് എന്നതിന് നിര്‍വചനം ബില്ലില്‍ ഒഴിവാക്കിയിട്ടുമുണ്ട്. മെഡിക്കല്‍ കോളേജുകളും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സ്വാശ്രയ എന്‍ജിനീയറിങ്, ആട്സ് ആന്‍ഡ് സയന്‍സ് കോളേജുകളുമുള്ള ചില കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ക്ക് നിലവില്‍ വിവിധ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അവരുടെ സ്ഥാപനങ്ങളെ സ്വകാര്യ സര്‍വകലാശാലയില്‍ കൊണ്ടുവരുന്നതിനാണ് മള്‍ട്ടിക്യാമ്പസ് എന്ന വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാക്കിയിരുന്ന റിപ്പോര്‍ട്ടില്‍ സര്‍വ്വകലാശാല ഒരു ക്യാമ്പസില്‍ തന്നെ ആയിരിക്കണമെന്നും പട്ടണത്തില്‍ 20 ഏക്കര്‍ സ്ഥലവും ഗ്രാമപ്രദേശത്ത് 30 ഏക്കര്‍ സ്ഥലവും വേണമെന്നും, 50 കോടി രൂപ നിക്ഷേപിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. അതിനു പകരം സര്‍ക്കാര്‍ അനുമതിയോടെ കൂടുതല്‍ ക്യാമ്പസ് ആകാമെന്നുള്ള വ്യവസ്ഥയും, സര്‍വ്വകലാശാല ആസ്ഥാനത്തിന് പത്തേക്കര്‍ ഭൂമി മതിയെന്നും, വ്യവസ്ഥ ചെയ്തിരിക്കുന്നത് സംസ്ഥാനത്തെ ചില കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളെ സഹായിക്കുന്നതിന് വേണ്ടിയാണ്.

യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പാസാക്കുന്ന സ്വകാര്യ സര്‍വ്വകലാശാല നിയമം ഗവര്‍ണര്‍ അംഗീകരിക്കരുതെന്ന ആവശ്യവുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന് പിന്നില്‍ സര്‍ക്കാരിന് കച്ചവട ലക്ഷ്യമുണ്ടെന്ന ആരോപണവുമായി SUCC നേരത്തെ രംഗത്തു വന്നിരുന്നു. നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച സ്വകാര്യ സര്‍വ്വകലാശാല ബില്ലില്‍ സര്‍വകലാശാലയ്ക്ക് ഏകീകൃത സ്വഭാവമുണ്ടായിക്കുമെന്നും

കോളേജുകളെയോ സ്ഥാപനത്തെയോ അഫിലിയേറ്റ് ചെയ്യാന്‍ പാടില്ലെന്നും സംസ്ഥാനത്ത് ഒരു മള്‍ട്ടി ക്യാമ്പസായി പ്രവര്‍ത്തിക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയോടുകൂടി കൂടുതല്‍ ക്യാമ്പസുകള്‍ ആരംഭിക്കാമെന്ന പുതിയൊരു വ്യവസ്ഥ കൂടി ഔദ്യോഗിക ഭേദഗതിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കുകയും സബ്ജക്ട് കമ്മിറ്റി അത് പാസാക്കുകയും ചെയ്തു(ബില്ല് ഖണ്ഡം 3(3).മെഡിക്കല്‍ കോളേജുകളും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സ്വാശ്രയ എന്‍ജിനീയറിങ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളുമുള്ള കോര്‍പ്പറേറ്റ്

മാനേജ്മെന്റ്കള്‍ക്ക് അവരുടെ സ്ഥാപനങ്ങളെ സ്വകാര്യ സര്‍വകലാശാലയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിനുള്ള നിയമഭേദഗതിക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ നിലവില്‍ പൊതു സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനുമതിയോടെ സ്വകാര്യ സര്‍വകലാശാലയുടെ ഭാഗമാക്കാനാവും. ഇത് പൊതു സര്‍വ്വകലാശാലകളെ ദോഷകരമായി ബാധിക്കുമെന്നും SUCC ചൂണ്ടിക്കാട്ടിയിരുന്നു. അനന്ത സാധ്യതയുള്ള കച്ചവട ലക്ഷ്യത്തോടെയാണ് സ്വകാര്യ സര്‍വ്വകലാശാല ബില്‍ സര്‍ക്കാര്‍ തിരക്കിട്ട് നിയമസഭയില്‍ അവതരിപ്പിച്ചതെന്നാണ് ആക്ഷേപം. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ഒന്നില്‍ കൂടുതല്‍ ക്യാമ്പസുകള്‍ അനുവദിക്കാനുള്ള പുതിയ നിയമഭേദഗതി നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

CONTENT HIGH LIGHTS; Permission for private universities: Multi-campus is against UGC rules; Petition to the Governor not to approve the bill even if it is passed by the Assembly