Thiruvananthapuram

അന്ധവിശ്വാസവും ശബ്ദമലിനീകരണവും നിയമം വഴി തടയണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

അന്ധവിശ്വാസ വിരുദ്ധ നിയമം നിര്‍മ്മിക്കണമെന്നും ശബ്ദമലിനീകരണം തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും കിള്ളിയാര്‍ മലിനീകരണം തടയണമെന്നുമുള്ള ആവശ്യങ്ങളുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാവാര്‍ഷികം സമാപിച്ചു. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം കമ്മ്യൂണിറ്റി ഹോളിലായിരുന്നു രണ്ടു ദിവസത്തെ സമ്മേളനം.

അന്ധവിശ്വാസചൂഷണ നിരോധന നിയമത്തിനുള്ള ബില്‍ ശാസ്ത്രസാഹിത്യപരിഷത്ത് ഒരു പതിറ്റാണ്ടു മുമ്പ് കേരളസര്‍ക്കാരിനു സമര്‍പ്പിച്ചതാണ്. ഇതു നിയമമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവരികയുമാണ്. അന്ധവിശ്വാസക്കൊലകളും ചൂഷണങ്ങളും തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ നിയമം എത്രയുംവേഗം കൊണ്ടുവരണമെന്ന് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ശബ്ദമലിനീകരണം തടയാന്‍ 2014ല്‍ തിരുവനന്തപുരം ജില്ലയില്‍ നിയമം കര്‍ക്കശമായി നടപ്പിലാക്കിയിരുന്നു. എന്നാല്‍, പിന്നീട് അധികൃതര്‍ പിന്നാക്കം പോയിരിക്കുന്നു. പ്രസ്തുത നടപടികള്‍ കര്‍ക്കശവും കാര്യക്ഷമവുമായി നടപ്പാക്കണമെന്ന് തിരുവനന്തപുരം കളക്ടറോടും സമാനമായ നിയന്ത്രണം സംസ്ഥാനത്തുടനീളം നടപ്പാക്കണമെന്നു സര്‍ക്കാരിനോടും സമ്മേളനം അഭ്യര്‍ത്ഥിച്ചു.

നഗരത്തിലെ പ്രധാന ജലസ്രോതസ്സായ കിളളിയാര്‍ ശുദ്ധീകരിക്കാന്‍ തുടങ്ങിവച്ച പ്രവര്‍ത്തനം നിലച്ചിരിക്കുന്നു. ആറ്റില്‍ മാലിന്യം തള്ളുന്നത് അനിയന്ത്രിതവും അപകടകരവുമായ രീതിയില്‍ വര്‍ദ്ധിച്ചുവരികയുമാണ്. അതിനാല്‍ മലിനീകരണം തടയാനും ആറു ശുദ്ധീകരികരിക്കാനും അടിയന്തരനടപടി വേണം – പരിഷത്ത് പ്രമേയത്തില്‍ പറഞ്ഞു.

‘അന്ധവിശ്വാസഫാക്ടറികള്‍’ എന്ന വിഷയം അവതരിപ്പിച്ച് ‘ശാസ്ത്രഗതി’ മാസികാ പത്രാധിപര്‍ ഡോ. രതീഷ് കൃഷ്ണ സമ്മേളനം ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. യുക്തിചിന്ത വളര്‍ത്തുന്നത് പൗരധര്‍മ്മമായി പ്രഖ്യാപിച്ച ഭരണഘടനയുള്ള നമ്മുടെ രാജ്യത്ത് ഭരണഘടനാസ്ഥാപനങ്ങള്‍തന്നെ അന്ധവിശ്വാസങ്ങളും യുക്തിരാഹിത്യവും പ്രചരിപ്പിക്കുന്ന ദുരവസ്ഥയാണു വന്നിരിക്കുന്നതെന്നും ഇതിനെതിരെ ശസ്ത്രബോധം പൊതുബോധമായി വളര്‍ത്തിയെടുക്കേണ്ടത് അടിയന്തരകടമയാണെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് ശാസ്ത്രജാഥയോടെ സമാപിച്ചു.

പുതിയ മേഖലാഭാരവാഹികള്‍: സി. റോജ (പ്രസിഡന്റ്), പി.കെ. പ്രകാശ് (വൈസ് പ്രസിഡന്റ്), ബി. അനില്‍കുമാര്‍ (സെക്രട്ടറി), ജി. രാധാകൃഷ്ണന്‍ (ജോ. സെക്രട്ടറി), വി. രാജന്‍ (ട്രഷറര്‍). വിഷയസമിതി കണ്‍വീനര്‍മാര്‍: മീരാ സുമം (ജെന്‍ഡര്‍), അഡ്വ. കെ. രാധാകൃഷ്ണന്‍ (ആരോഗ്യം), ആര്‍. അജയന്‍ (പരിസ്ഥിതി), പി. ഗിരീഷന്‍ (വിദ്യാഭ്യാസം), പി. ശ്രീജിത്ത് (ഉന്നതവിദ്യാഭ്യാസം).

CONTENT HIGH LIGHTS;Superstition and noise pollution should be prevented through law: Sastra Sahitya Parishad

Latest News