കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന പരാതിയിൽ, തന്ത്രിമാർക്കെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. തന്ത്രിമാരാണ് സർവ്വാധികാരികൾ എന്ന അഹങ്കാരം വേണ്ടെന്നും ഇത്തരക്കാരെ നിലയ്ക്ക് നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അങ്ങേയറ്റം പ്രതിഷേധാർഹമായ സംഭവമെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാർ ബോർഡ് നിയമിച്ച അംഗങ്ങളെ അംഗീകരിക്കണമെന്നും കഴക നിയമനം പാലിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിലുള്ള ചില അവകാശം പറഞ്ഞുകൊണ്ട് സർവാധിപത്യം സ്ഥാപിക്കാൻ ഇന്ന് ചിലയാളുകൾ ശ്രമിക്കുന്നുണ്ട്. ഈ ജനാധിപത്യ യുഗത്തിൽ കാലഘട്ടത്തിന്റെ മാറ്റങ്ങൾ മനസിലാക്കാതെയും ഉൾക്കൊള്ളാതെയും ഇതുപോലുള്ള ക്ഷേത്രത്തിലെ അവകാശികളെന്നും അധികാരികളെന്നും പറഞ്ഞിരിക്കുന്നവരുണ്ട്. അവർ ജനങ്ങളുടെ വികാരങ്ങൾക്കും വിചാരങ്ങൾക്കുമെതിരായി ഇതുപോലുള്ള തടസവാദങ്ങൾ ഉന്നയിച്ച് ജാതി വിവേചനം കൽപ്പിക്കുന്നു. ഹിന്ദു ഐക്യത്തെ തകർക്കുവാൻ ഇറങ്ങിത്തിരിച്ചവരാണ് ഈ അൽപപ്രാണികൾ – അദ്ദേഹം പറഞ്ഞു.