ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങിന്‍റെ ഏറ്റവും സ്ലിം സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി എസ്25 എഡ്‍ജ് (Samsung Galaxy S25 Edge) വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടെങ്കിൽ, നിങ്ങൾക്കൊരു സന്തോഷവാർത്ത. സാംസങ് ഗാലക്‌സി എസ്25 എഡ്‍ജ് ഏപ്രിലിൽ ആഗോള വിപണികളിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. അടുത്തിടെ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി 2025) കമ്പനി ഈ ഫോൺ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഗാലക്‌സി എസ്25 എഡ്‍ജിന്‍റെ ഡിസ്‌പ്ലേ വലുപ്പവും ഭാരവും പ്രതീക്ഷിക്കുന്ന വിലയും ഉൾപ്പെടെയുളള വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
ജനുവരിയിൽ കമ്പനി അവതരിപ്പിച്ച സാംസങ് ഗാലക്‌സി എസ്25+ മോഡലിനേക്കാൾ ചെറിയ ബാറ്ററിയും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പും ഗാലക്‌സി എസ്25 എഡ്‍ജ് ഹാന്‍ഡ്‌സെറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്‌സി എസ് 25+ മോഡലിനും സ്റ്റാൻഡേർഡ്, ടോപ്പ്-ഓഫ്-ലൈൻ അൾട്രാ മോഡലുകൾക്കും തുല്യമായ വിലയായിരിക്കും സാംസങ് ഗാലക്‌സി എസ് 25-ന് എന്ന് ടിപ്‌സ്റ്ററായ ഐസ് യൂണിവേഴ്‌സ് (@UniverseIce) സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. ടിപ്സ്റ്ററിന്‍റെ അവകാശവാദം ശരിയാണെങ്കിൽ ഗാലക്സി എസ്25 എഡ്‍ജിന് ഏകദേശം 999 ഡോളർ (ഏതാണ്ട് 87,150 രൂപ) വില പ്രതീക്ഷിക്കാം.
സാംസങ് ഗാലക്‌സി എസ്25 എഡ്‍ജിൽ 6.65 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകുമെന്നും ഇത് ഗാലക്‌സി എസ്25+ മോഡലിലെ 6.7 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് സമാനമാണെന്നും ടിപ്‌സ്റ്റർ വെളിപ്പെടുത്തി. എന്നിരുന്നാലും, ഐസ് യൂണിവേഴ്‌സിന്‍റെ അഭിപ്രായത്തിൽ, വരാനിരിക്കുന്ന ഗാലക്‌സി എസ്25 എഡ്‍ജ് വേരിയന്‍റിൽ ഗാലക്‌സി എസ്25 അൾട്രാ മോഡലിനെപ്പോലെ നേർത്ത ബെസ്സലുകൾ ഉണ്ടായിരിക്കും.
സാംസങ് ഗാലക്‌സി എസ്25 എഡ്‍ജ് ഭാരവും കട്ടിയും
ഗാലക്‌സി എസ്25 എഡ്‍ജ് ഫോണിന്‍റെ കട്ടിയും ഭാരവും സംബന്ധിച്ച സൂചനകളും ഐസ് യൂണിവേഴ്‌സിന്‍റെ (@UniverseIce) പോസ്റ്റ് വ്യക്തമാക്കുന്നു. സാംസങ് ഗാലക്‌സി എസ്25 എഡ്‍ജിന് 5.84 എംഎം കട്ടി ഉണ്ടാകുമെന്നും ഇത് ഗാലക്‌സി എസ്25+ മോഡലിനേക്കാൾ 1.46 എംഎം കുറവാണെന്നുമാണ് റിപ്പോർട്ടുകൾ. അതുപോലെ, ഗാലക്സി എസ്25 എഡ്‍ജിന് 162 ഗ്രാം ഭാരം വരുമെന്നും ടിപ്സ്റ്റർ പറയുന്നു. ഇത് പ്ലസ് വേരിയന്‍റിനേക്കാൾ (195 ഗ്രാം) കുറവാണ്. എഡ്‍ജ് മോഡൽ ഗാലക്‌സി എസ്25+ നെക്കാൾ ചെറിയ ബാറ്ററിയുമായി വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ, പ്ലസ് വേരിയന്‍റിലേതുപോലുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിന് പകരം രണ്ട് പിൻ ക്യാമറകൾ ഉണ്ടാകുമെന്നാണ് സൂചന.
ബാറ്ററി, പിൻ ക്യാമറകൾ എന്നിവയ്ക്ക് പുറമെ, സാംസങ് ഗാലക്‌സി എസ്25 എഡ്‍ജ്, ഗാലക്‌സി എസ്25 പ്ലസിനൊപ്പം സവിശേഷതകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു, ഗാലക്‌സിക്കായുള്ള കസ്റ്റം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്, 12 ജിബി റാം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം, ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7-ലും ഗാലക്‌സി എസ്25 എഡ്‍ജ് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാംസങ് ഗാലക്‌സി എസ്25 എഡ്‍ജിന്‍റെ കട്ടി കുറയുന്നത് ഫോണിന്‍റെ ഈടുറപ്പിനെ ബാധിക്കില്ലെന്ന് ഒരു സാംസങ് എക്സിക്യൂട്ടീവ് അടുത്തിടെ ടെക് റാഡറിനോട് പറഞ്ഞു. എങ്കിലും, ഡിവൈസിന്‍റെ ഈട് കമ്പനി എങ്ങനെ ഉറപ്പാക്കുമെന്ന് എക്സിക്യൂട്ടീവ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഗ്ലാസിന് പകരം പിൻ പാനലിൽ സെറാമിക് മെറ്റീരിയൽ ഉൾപ്പെടുത്തുമെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
content highlight: samsung-galaxy-s25-edge-price