പലരും പ്രായം മറച്ചുവെച്ചാണ് പല സ്ഥാനങ്ങളിലും ഇപ്പോഴും ഇരിക്കുന്നതെന്ന് ജി സുധാകരൻ. പാർട്ടി നിർദേശിച്ച പ്രായപരിധി മാനദണ്ഡം പല നേതാക്കളും മറികടന്നു. 75 വയസ് എപ്പോൾ തികയുന്നു അപ്പോൾ സ്ഥാനം ഒഴിയുന്നതാണ് മാനദണ്ഡം. അത് മനസ്സിലാക്കിയാണ് താൻ സ്വയം ഒഴിഞ്ഞതെന്ന് ജി സുധാകരൻ പറഞ്ഞു.
ടി പി രാമകൃഷ്ണനും ഇ പി ജയരാജനും അടുത്ത മാസങ്ങളിലായി 75 വയസ് തികയുന്നവരാണ്. എന്നാൽ അവരെല്ലാം തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലും ഇപ്പോഴും തുടരുന്നു. അതുകൊണ്ടു തന്നെ അവർക്ക് 78 വയസുവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ തുടരാൻ സാധിക്കും. പക്ഷെ താൻ സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരിക്കെയാണ് 75 വയസെന്ന പ്രായപരിധിക്ക് മുന്നേ തന്നെ സ്ഥാനം ഒഴിഞ്ഞത്. ബ്രാഞ്ചിൽ പ്രവർത്തിച്ചാണ് ഇതുവരെ വന്നത് അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രി ആയാൽ സന്തോഷം മാത്രമാണ് ഉള്ളത്. പിണറായി തന്നെ ഭരിക്കണമെന്നാണ് പാർട്ടി വിലയിരുത്തൽ. അതിൽ ഒരു വിയോജിപ്പും തനിക്ക് ഇതുവരെ തോന്നിയിട്ടില്ല ജി സുധാകരൻ കൂട്ടിച്ചേർത്തു.