വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അവശേഷിക്കുന്ന ഘട്ടങ്ങളുടെ പാരിസ്ഥിതിക അനുമതിയായി. രണ്ടും, മൂന്നും ഘട്ട നിര്‍മാണം നടത്തുന്നതിനാണ് അനുമതി ലഭിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ ആരംഭിക്കാന്‍ സാധിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി വിജയകരമായ രീതിയില്‍ വാണിജ്യതലത്തില്‍ അടക്കം പ്രവര്‍ത്തനം പുരോഗമിക്കുന്ന ഘട്ടത്തിലാണ് രണ്ടും മൂന്നും ഘട്ട നിര്‍മാണത്തിനുള്ള പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചത്.
ഇതിലൂടെ ബര്‍ത്തിന്റെ നീളം 1200 മീറ്റര്‍ കൂടി വര്‍ധിക്കും . നിലവില്‍ 800 മീറ്ററാണ് നീളം. പുലിമുട്ടിന്റെ നീളം മൂന്ന് കിലോമീറ്ററില്‍ നിന്നും ഒരു കിലോമീറ്റര്‍ കൂടി വര്‍ധിപ്പിക്കും. ഇതുവഴി ഒരേ സമയം അഞ്ച് വലിയ മദര്‍ഷിപ്പുകള്‍ക്ക് തുറമുഖത്ത് ബര്‍ത്ത് ചെയ്യാനാവും. നിലവില്‍ രണ്ടു മദര്‍ഷിപ്പുകള്‍ക്ക് മാത്രമാണ് ഒരേസമയം ബര്‍ത്ത് ചെയ്യാന്‍ സാധിക്കുക.
2028 ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശമാണ് അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഇതിന്റെ ഫണ്ട് അദാനി തന്നെയാണ് വഹിക്കുക. ഇതുവരെ 203 ചരക്ക് കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നത്. 4 ലക്ഷം ടിഇയു ചരക്കും കൈകാര്യം ചെയ്തു. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ങടഇ ഷിപ്പിങ്ങ് കമ്പനിയുടെ ജേഡ് സര്‍വീസില്‍ വിഴിഞ്ഞം തുറമുഖത്തെയും ഉള്‍പ്പെടുത്തിയതും നേട്ടമായി. ജേഡ് സര്‍വീസിലെ ആദ്യത്തെ കപ്പലായ ങടഇ മിയ, ചൈനയിലെ ക്വിങ്ദാവോ തുറമുഖത്ത് നിന്ന് യാത്ര ആരംഭിച്ച്, ദക്ഷിണ കൊറിയയിലെ ബുസാന്‍ തുറമുഖം, ചൈനയിലെ നിങ്‌ബോ-ഷൗഷാന്‍ തുറമുഖം, ചൈനയിലെ ഷാങ്ഹായ്, യാന്റിയന്‍ തുറമുഖം, സിംഗപ്പൂര്‍ തുറമുഖം വഴി വിഴിഞ്ഞത്തേക്ക് എത്തിച്ചേര്‍ന്നിരുന്നു. ലോകത്ത് ഇന്നുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും വലിയ കണ്ടയിനര്‍ കപ്പലായ എംഎസിയുടെ ഐറീന വിഴിഞ്ഞത്തേക്ക് മേയില്‍ എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തെക്കന്‍ ഏഷ്യയിലെ തുറമുഖങ്ങളില്‍ ഇതുവെര അടുപ്പിക്കാത്ത നിരവധി കപ്പലുകള്‍ ഉടന്‍ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് തുറമുഖ കമ്പനിയുടെ പ്രതീക്ഷ.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായെന്നും, ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രിലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിക്കും കണ്ടെയ്‌നര്‍ സംഭരണ യാര്‍ഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ (ബ്രേക്ക് വാട്ടറിനോനുബന്ധിച്ച്), ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, 77.17 ഹെക്റ്റര്‍ വിസ്തൃതിയിലുള്ള ഭൂമി എറ്റടുക്കല്‍ 7.20 Mm3 അളവില്‍ ഡ്രഡ്ജിംഗ് എന്നിവ ഉള്‍പ്പെടുന്നു.
ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കി വരുമാനം ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് സാധിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്‌നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെയായി ഉയര്‍ത്താന്‍ സാധിക്കും. 2028-ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.