തിരുവനന്തപുരം∙ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വഴിപാട് നിരക്കുകള്‍ 30 ശതമാനം വരെ വര്‍ധിപ്പിച്ചു. വഴിപാടുകള്‍ക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ വില കൂടിയ സാഹചര്യത്തിലാണ് 9 വര്‍ഷത്തിനു ശേഷം വഴിപാട് നിരക്കുകള്‍ പുനരേകീകരിക്കുന്നതെന്ന് ബോര്‍ഡ് അറിയിച്ചു.
ശബരിമല സോപാനത്ത് പുതിയ ദര്‍ശന രീതി മീനമാസ പൂജ മുതല്‍ നടപ്പാക്കി തുടങ്ങും. പതിനെട്ടാംപടി കയറി എത്തുന്ന ഭക്തന്മാര്‍ക്ക് ഫ്ലൈഓവര്‍ കയറാതെ കൊടിമരത്തിനും ബലിക്കല്‍പ്പുരയ്ക്കും ഇരുവശങ്ങളിലൂടെ ശ്രീകോവിലിനു മുന്നിലെത്തി തൊഴുന്നതിനുള്ള സംവിധാനത്തിന്റെ ട്രയല്‍ റണ്‍ ആണ് ഈ മീനമാസ പൂജ മുതല്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനു 5 സെക്കന്‍ഡ് സമയം ലഭിക്കുന്നത് പുതിയ സംവിധാനം വരുന്നതോടെ 20 മുതല്‍ 30 സെക്കന്‍ഡ് വരെയാകുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
മേടത്തില്‍ വിഷുവിനു നടതുറക്കുമ്പോള്‍ ഈ സംവിധാനം പൂർണമായും നടപ്പാക്കുമെന്നും വിജയകരമായാല്‍ തുടര്‍ന്ന് ശബരിമലയില്‍ ഈ ദര്‍ശന രീതിയാകും അവലംബിക്കുകയെന്നും ബോര്‍ഡ് വ്യക്തമാക്കി. മേയില്‍ അഗോള അയ്യപ്പസംഗമം പമ്പയില്‍ സംഘടിപ്പിക്കും. 50ലേറെ രാജ്യങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
ശബരിമലയില്‍ പൂജിച്ച സ്വര്‍ണ ലോക്കറ്റുകളും സ്വർണനാണയങ്ങളും വിഷുദിനത്തില്‍ വിതരണം ആരംഭിക്കും. അയ്യപ്പന്റെ ചിത്രം പതിച്ച 8 ഗ്രാം, 4 ഗ്രാം തൂക്കത്തിലുള്ള സ്വര്‍ണ ലോക്കറ്റുകളും 1 ഗ്രാം, 2 ഗ്രാം, 4ഗ്രാം, 8 ഗ്രാം തൂക്കത്തിലുള്ള സ്വര്‍ണ്ണ നാണയങ്ങളുമാണ് ലഭ്യമാക്കുക. ഇതിന്റെ ഓണ്‍ലൈന്‍ ബുക്കിങ് www.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കും.