മാര്‍ക്കോ എന്ന ചിത്രത്തിലെ വയലന്‍സിന്റെ അതിപ്രസരത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മാര്‍ക്കോയുടെ നിര്‍മ്മാതാവ് തന്റെ പുതിയ ചിത്രമായ ‘കാട്ടാളന്‍’ പ്രഖ്യാപിച്ചത്. ആന്റണി വര്‍ഗീസ് നായകനാവുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പോള്‍ ജോര്‍ജ് ആണ്. താഴെ വീണു കിടക്കുന്ന മൃതദേഹങ്ങള്‍ക്കും ആനകൊമ്പുകള്‍ക്കും ഇടയില്‍ മഴുവുമേന്തി നില്‍ക്കുന്ന ആന്റണി വര്‍ഗീസിന്റെ ചിത്രമാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് ആയി പുറത്ത് വന്നത്. അതോടെ ഈ ചിത്രത്തിലും മാര്‍ക്കോയിലെ പോലെ വയലന്‍സിന്റെ അതിപ്രസരം ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ പരന്നു. എന്നാല്‍ ഇതില്‍ അത്തരം വയലന്‍സ് ഉണ്ടാവില്ലെന്ന വാക്കുകളുമായി നിര്‍മ്മാതാവും എത്തിയിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് വിശദീകരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പോള്‍ ജോര്‍ജ്.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…
‘കാട്ടാളന്‍’ എന്ന സിനിമയില്‍ വയലന്‍സ് ഉണ്ടാവില്ല എന്ന് പ്രൊഡ്യൂസര്‍ ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നല്ലോ ; അതിനെ കുറിച്ച് കാട്ടാളന്റെ ഡയറക്ടര്‍ എന്നനിലയില്‍ താങ്കള്‍ക്ക് എന്താണ് പറയാനുള്ളത് ? അങ്ങനെ വയലന്‍സ് ഒഴിവാക്കാന്‍ ഉള്ള നിര്‍ദേശം പ്രൊഡ്യൂസറിന്റെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നോ?
തീര്‍ച്ചയായിട്ടും, നിര്‍മ്മാതാവുമായി സംസാരിച്ചിരുന്നു, അദ്ദേഹം നമ്മുക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് കാട്ടാളന്‍ എന്ന സിനിമയില്‍ നിന്ന് വയലന്‍സ് മുഴുവനായി ഒഴിവാക്കണം എന്നല്ല. കാരണം, അങ്ങനെ പൂര്‍ണ്ണമായിട്ട് ഒഴിവാക്കി കൊണ്ട് നമ്മുക്ക് ആ സിനിമയുമായിട്ട് മുന്നോട്ടു പോകാനും പറ്റില്ല.അതിന്റെ കഥാപശ്ചാത്തലം കാടിനോട് ചേര്‍ന്നൊരു കഥാപശ്ചാത്തലമാണ്, അതിലെ കഥാപാത്രങ്ങള്‍ക്ക് ഒരു വയലന്റ് ഷേഡ് ഉണ്ട്.അപ്പോള്‍ കമ്പ്‌ലീറ്റ് ആയി വയലന്‍സ് ഒഴിവാക്കി മുന്നോട്ട് പോകാന്‍ സാധിക്കില്ല. പക്ഷെ, വയലന്‌സിന്റെ ഒരു അതിപ്രസരം ഒക്കെ നമ്മള്‍ തീര്‍ച്ചയായും ഒഴിവാക്കും..ഒരു ഓവര്‍ ബ്രൂട്ടാലിറ്റി ഒന്നും നമ്മുടെ സിനിമയില്‍ ഉണ്ടാവില്ല, എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് കല്‍പ്പിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് ഉള്ളില്‍ നില്‍ക്കുന്ന വയലന്‍സ് തീര്‍ച്ചയായിട്ടും കാട്ടാളന്‍ എന്ന സിനിമയില്‍ ഉണ്ടാകും.
‘കാട്ടാളന്‍’ സിനിമയുടെ പ്രൊഡ്യൂസര്‍ തന്നെ തന്റെ മുന്‍പത്തെ സിനിമ ആയ ‘മാര്‍ക്കോ’യിലെ പോലെ ഉള്ള വയലെന്‌സ് ഈ സിനിമയില്‍ ഉണ്ടാവില്ല എന്ന രീതിയില്‍ ഒരു കുറ്റസമ്മതം നടത്തിയിട്ടുണ്ടാരുന്നല്ലോ..അതിനെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?
ഇല്ല, അതൊരിക്കലും ഒരു കുറ്റസമ്മതം ആയിട്ട് എനിക്ക് തോന്നുന്നില്ല വ്യക്തിപരമായിട്ട്. കാരണം മാര്‍ക്കോ എന്നൊരു ചിത്രം അവര്‍ എടുക്കുമ്പോള്‍, അത് ഒരാളെ ക്രൈം ചെയ്യാന്‍ പ്രേരിപ്പിക്കും എന്ന രീതിയില്‍ ഒന്നും അവര്‍ മുന്നില്‍ കണ്ടിട്ടില്ലലോ..ഇപ്പോള്‍ ഹോളിവുഡിലും കൊറിയന്‍ സിനിമയിലും ഒക്കെ ഇതുപോലെ ഉള്ള ആക്ഷന്‍ ഉള്ള ചിത്രങ്ങള്‍ വരുന്നുണ്ടല്ലോ. അപ്പോള്‍ അതുപോലെയുള്ള ഒരു ചിത്രം ഇന്ത്യയില്‍ അവര്‍ ഒരുക്കി എന്നല്ലേ ഉള്ളു. എന്നാല്‍ പിന്നീട് നമ്മുടെ സമൂഹത്തില്‍ അതിനെ കുറിച്ച് ഒരു ചര്‍ച്ച വന്നപ്പോള്‍, പൊതുജനത്തിന്റെ പ്രതികരണം വന്നപ്പോള്‍, അതിനെ മാനിച്ചു കൊണ്ട് സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം പ്രോപ്പര്‍ ആയി പ്രതികരിച്ചു. അപ്പോഴാണ് തന്റെ രണ്ടാമത്തെ ചിത്രത്തില്‍ മാര്‍ക്കോയിലെ പോലെ ബ്രൂട്ടല്‍ ആയ വയലന്‍സ് ഉണ്ടാവില്ല എന്നദ്ദേഹം പറഞ്ഞത്. അത് സമൂഹത്തോടുള്ള ഒരു കമ്മിറ്റ്‌മെന്റ് ആയിട്ടാണ് എനിക്ക് തോന്നിയത്. അല്ലാതെ ഒരു കുറ്റ സമ്മതം ആയിട്ട് ഒരിക്കലും തോന്നിയിട്ടില്ല..
ഒരു നവാഗത സംവിധായകന്‍ എന്ന നിലയ്ക് സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ സിനിമയുടെ ഇന്‍ഫ്‌ലുവെന്‍സ് എത്രത്തോളം ഉണ്ട് എന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നത്? സംവിധായകനിലുപരി യുവതലമുറയില്‍ ഉള്‍പ്പെട്ട ഒരാള്‍ എന്ന നിലയ്ക് സിനിമ നിങ്ങളെ എത്രത്തോളം സ്വാധിനിക്കുന്നുണ്ട്?
സ്വാധീനിക്കുനുണ്ടോ എന്ന് ചോദിച്ചാല്‍, ഒരു സിനിമയില്‍ നല്ല കാര്യങ്ങളും ഉണ്ടാകും മോശം കാര്യങ്ങളും ഉണ്ടാകും. നല്ല കാര്യങ്ങളില്‍ നിന്ന് നമ്മുക്ക് ഇന്‍ഫ്‌ളുവന്‍സ്ഡ് ആവാം. പക്ഷെ സിനിമയിലെ നല്ല കാര്യങ്ങളെയും മോശം കാര്യങ്ങളെയും തമ്മില്‍ വേര്‍തിരിച്ചു കാണാനുള്ള ഒരു വിവേക ബുദ്ധി ഇവിടുത്തെ പ്രേക്ഷകര്‍ക്ക് ഉണ്ട് എന്നുള്ള വിശ്വാസത്തിലാണല്ലോ നമ്മള്‍ ഓരോ സിനിമയും അവരുടെ മുന്നിലേക്ക് കൊണ്ട് വരുന്നത്. പിന്നെ ഒരു സിനിമ ഒരു ക്രൈം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, എനിക്ക് തോന്നുന്നു, വളരെ കുറവ് ശതമാനം മാത്രമായിരിക്കും അങ്ങനെ സംഭവിക്കുന്നത്. ഒരു ക്രൈമിലേക്കു ഒരാളെ നയിക്കുന്നത് അയാളുടെ ജീവിത സാഹചര്യങ്ങളും, അയാളുടെ നിലവിലെ സാഹചര്യങ്ങളും ഒക്കെയാണല്ലോ..അല്ലാതെ ഒരു സിനിമ കണ്ടിട്ട് മാത്രം ഒരാള്‍ പോയി ഒരു ക്രൈം ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല..
ആദ്യ ചിത്രം കൊണ്ട് തന്നെ പ്രൊഡക്ഷന്‍ ഹൗസ് എന്ന നിലയില്‍ വളരെയധികം ശ്രദ്ധ നേടിയ ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റസ് നിര്‍മ്മിക്കുന്ന ചിത്രത്തിലെ മറ്റു കാസ്റ്റിംഗ് വിവരങ്ങളും അണിയറ പ്രവര്‍ത്തകരുടെ പേരുകളും വരും ദിവസങ്ങളില്‍ പുറത്തു വരും. വാര്‍ത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.