Kerala

തട്ടിക്കൊണ്ട് പോവുന്നതിനിടെ ലോറി കേടായി, തട്ടിക്കൊണ്ട് പോയ അച്ഛനെയും മകനെയും രക്ഷിച്ച് പൊലീസ്

യുവാക്കള്‍ വെള്ളം കുടിക്കാന്‍ പോയ തക്കത്തിന് മകന്‍ പെട്ടിക്കടയില്‍ സഹായമഭ്യര്‍ത്ഥിക്കുകയും അവര്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു

സുൽത്താൻ ബത്തേരി: പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തെ പൊലീസിന്റെ സമയോചിത ഇടപെടലില്‍ പിടികൂടി. പിതാവിനെയും മകനെയും പൊലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാംകുളം സ്വദേശികളായ വണ്ടിപ്പേട്ട മാന്നുള്ളിയില്‍ പുത്തല്‍പുരയില്‍ വീട്ടില്‍ ശ്രീഹരി(25), എടക്കാട്ടുവയല്‍ മനേപറമ്പില്‍ വീട്ടില്‍ എം.ആര്‍. അനൂപ്(31), തിരുവാണിയൂര്‍, ആനിക്കുടിയില്‍ വീട്ടില്‍, എല്‍ദോ വില്‍സണ്‍(27), പെരീക്കാട്, വലിയവീട്ടില്‍, വി.ജെ. വിന്‍സെന്റ് (54), തിരുവാണീയൂര്‍ പൂപ്പളളി വീട്ടില്‍ പി.ജെ. ജോസഫ്, ചോറ്റാനിക്കര മൊതാലിന്‍ വീട്ടില്‍ സനല്‍ സത്യന്‍(27), കൊല്ലം കുണ്ടറ സ്വദേശി രശ്മി നിവാസ് രാഹുല്‍(26), തിരുവന്തപുരം വട്ടിയൂര്‍ക്കാവ് കുട്ടന്‍താഴത്ത് വീട്ടില്‍ എസ്. ശ്രീക്കുട്ടന്‍(28) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഏഴാം തീയതി രാത്രി ശ്രീഹരി, അനൂപ്, രാഹുല്‍, എല്‍ദോ വില്‍സണ്‍ എന്നിവരെ ലോറിയുമായി താമരശേരി പൊലീസിന്റെ സഹായത്തോടെ താമരശ്ശേരി ടൗണില്‍ നിന്നും വിന്‍സന്റ്, ജോസഫ്, ശ്രീക്കുട്ടന്‍, സനല്‍ സത്യന്‍ എന്നിവരെ ട്രാവലറുമായി തൃപ്പുണിത്തുറ പൊലീസിന്റെ സഹായത്തോടെ തൃപ്പുണിത്തുറയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. എല്ലാവരെയും റിമാന്‍ഡ് ചെയ്തു. ഏഴിന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അങ്ങാടിപ്പുറം സ്വദേശികളായ പിതാവും മകനും ഹൈദരബാദിലേക്ക് ലോറിയില്‍ ലോഡുമായി പോകെവെ യുവാക്കള്‍ ട്രാവലറില്‍ പിന്തുടര്‍ന്ന് എത്തി കുപ്പാടി നിരപ്പം എന്ന് സ്ഥലത്ത് ലോറിക്ക് കുറുകെ ട്രാവലർ നിർത്തി അച്ഛനെയും മകനെയും ബലമായി ട്രാവലറിലും ലോറിയിലുമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു.

പിതാവ് ആയിരുന്നു ലോറി ഓടിച്ചിരുന്നത്. പിന്തുടർത്തിയ സംഘം വാഹനം ഓടിച്ചിരുന്ന പിതാവിനെ ട്രാവലറിലേക്ക് മാറ്റിയും മകനെ ലോറിയിൽ തന്നെ ഇരുത്തിയുമാണ്  കൊണ്ടുപോയത്. എന്നാൽ ലോറി ചുരത്തില്‍ തകരാറിലായതിനെ തുടര്‍ന്ന് യുവാക്കള്‍ വെള്ളം കുടിക്കാന്‍ പോയ തക്കത്തിന് മകന്‍ പെട്ടിക്കടയില്‍ സഹായമഭ്യര്‍ത്ഥിക്കുകയും അവര്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു.  താമരശ്ശേരി പൊലീസ് താമരശ്ശേരി ടൗണില്‍ നിന്ന് പ്രതികളെ പിടികൂടി. ട്രാവലറിൽ ഉള്ളവരെ കുറിച്ച്  തൃപ്പുണിത്തറ പൊലീസില്‍ അറിയിച്ചേതോടെ  ഈ വാഹനത്തെയും പ്രതികളെയും അവിടെവെച്ചും കസ്റ്റഡിയിലെടുത്തു. പിതാവും ലോറിയുടെ ഷെയർ ഉടമയും തമ്മിലുള്ള സാമ്പത്തിക വിരോധമാണ് തട്ടികൊണ്ടുപോകലിന് കാരണമെന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

content highlight : father-and-son-kidnapped-by-eight-member-team-police-became-rescuer

Latest News