അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഭൂരിഭാഗം പേരുടെയും മനസിലേയ്ക്ക് ഓടിയെത്തുന്ന പേരുകളാണ് ഊട്ടി, കൊടൈക്കനാൽ, മൂന്നാർ തുടങ്ങിയവ. വേനൽക്കാലത്ത് തണുപ്പ് തേടി മിക്കവരും പോകുന്നത് ഇവിടങ്ങളിലേയ്ക്കാണ്. എന്നാൽ, സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രൌഢിയ്ക്ക് ഇടിവുണ്ടായി. പകരം അധികമാരാലും അറിയാപ്പെടാതെ കിടന്നിരുന്ന ചെറിയ സ്ഥലങ്ങൾ ഉയർന്നു വരികയും ചെയ്തു. അത്തരത്തിൽ സമീപകാലത്ത് പ്രശസ്തമായ സ്ഥലമാണ് കൊടൈക്കനാലിന് അടുത്തുള്ള കൂക്കാൽ എന്ന ഗ്രാമം.
പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തിയ ശേഷം ഉൾനാടുകളിലേയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് പലപ്പോഴും മറക്കാനാകാത്ത കാഴ്ചകൾ ലഭിക്കുക. കൂക്കാലിലേയ്ക്ക് പോകേണ്ടതും അങ്ങനെ തന്നെയാണ്. കൊടൈക്കനാലിൽ നിന്ന് ഏകദേശം 35 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് കൂക്കാൽ. കൊടൈക്കനാലിൽ നിന്ന് പൂണ്ടിയിലേയ്ക്ക് പോകുന്ന റൂട്ടിലാണ് കൂക്കാൽ. ദിണ്ടിഗൽ ജില്ലയിൽ പഴനി മലനിരകളുടെ പടിഞ്ഞാറെ അറ്റത്തായാണ് കൂക്കാൽ സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ കൂക്കാലിലേയ്ക്ക് പോകുന്ന വഴിയിൽ പഴനിയുടെ വിദൂര ദൃശ്യം കാണാൻ സാധിക്കും. പച്ചപ്പും കോടമഞ്ഞും കുളിർകാറ്റുമാണ് കൂക്കാലിന്റെ സവിശേഷത. കോടമഞ്ഞിലൂടെ വണ്ടി ഓടിച്ച് കൂക്കാലിലേയ്ക്ക് എത്തുമ്പോൾ ലഭിക്കുന്ന ഫീൽ, അതൊന്ന് വേറെ തന്നെയാണ്.
പതിവായി കൊടൈക്കനാലിൽ പോകുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലമാണിത്. കാഴ്ചകളേക്കാൾ കൂക്കാലിലേയ്ക്കുള്ള യാത്രയാണ് അതിമനോഹരം. ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ മനസിൽ വെച്ചുകൊണ്ട് ഒരിക്കലും കൂക്കാലിലേയ്ക്ക് പോകരുത്. പകരം അധികമാരും ശല്യപ്പെടുത്താത്ത, ശാന്ത സുന്ദരമായ പ്രകൃതിയുടെ പച്ചയായ കാഴ്ചകൾ നേരിട്ട് അനുഭവിക്കാനാകണം കൂക്കാലിലേയ്ക്കുള്ള യാത്ര. കൂക്കാൽ ലേക്ക്, പുറാക്കൽ വ്യൂ പോയിന്റ്, കൂക്കാൽ വെള്ളച്ചാട്ടം, കൂക്കാൽ ഗുഹ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്. മുകളിൽ നിന്ന് നോക്കിയാൽ കണ്ണെത്താ ദൂരം തട്ടുതട്ടായി കൃഷിയിടങ്ങളും കാണാം.
കൊടൈക്കനാലിലെ കാഴ്ചകൾ കണ്ട് മടങ്ങുകയെന്ന പഴയ രീതി ഇപ്പോൾ സഞ്ചാരികൾക്കിടയിൽ ഇല്ല. പകരം ഉൾനാടുകളിലേയ്ക്ക് പോകാനും ഗ്രാമീണ കാഴ്കചകൾ കാണാനുമാണ് പലരും ഇഷ്ടപ്പെടുന്നത്. വ്ലോഗുകളിലൂടെയും ചിത്രങ്ങളിലൂടെയും സഞ്ചാരികൾ പരിചയപ്പെട്ട കൂക്കാൽ വളരെ പെട്ടെന്നാണ് ജനപ്രിയമായത്. ഇവിടേയ്ക്ക് വരുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പോകുന്ന വഴിയിലൊന്നും പെട്രോൾ പമ്പുകളില്ല. അതിനാൽ കൊടൈക്കനാലിൽ നിന്ന് ആവശ്യത്തിന് ഇന്ധനം നിറച്ച് വേണം കൂക്കാലിലേയ്ക്ക് പോകാൻ. ഇവിടെ താമസ സൌകര്യങ്ങളും വളരെ കുറവാണ്. അതിനാൽ നേരത്തെ തന്നെ ഹോം സ്റ്റേകളോ കോട്ടേജുകളോ ബുക്ക് ചെയ്യുന്നത് നന്നായിരിക്കും.
STORY HIGHLIGHTS: a-trip-to-kodaikanal-hidden-spot-kookal