വിദേശ രാജ്യങ്ങളിൽ എവിടെയെങ്കിലും അവധിക്കാലം ആസൂത്രണം ചെയ്യുകയാണോ? എങ്കിൽ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ തീർച്ചയായും ഹം എന്ന പട്ടണം കൂടി ഉൾപ്പെടുത്താം. പേര് പോലെ തന്നെ ലോകത്തിലെ ഏറ്റവും ചെറിയ പട്ടണം ആണ് ഹം. പടിഞ്ഞാറൻ ക്രൊയേഷ്യയിലെ ഇസ്‌ട്രിയ മേഖലയിലാണ് ഈ കുഞ്ഞൻ പട്ടണം സ്ഥിതി ചെയ്യുന്നത്. കുഞ്ഞന്‍ പട്ടണത്തിലെ ആകെ താമസക്കാര്‍ 52 മാത്രം. കൂടാതെ 20 കെട്ടിടങ്ങളും ഒരു റോഡും. വിനോദ സഞ്ചാരികൾക്ക് അനുയോജ്യമായതും സമാധാനപരവുമായ അന്തരീക്ഷമാണ് ഹമിന്‍റെ പ്രത്യേകത.
കൗതുകകരമെന്നു പറയട്ടെ, ചെറിയ ജനസംഖ്യയ്ക്കും അതേസമയം സമ്പന്നമായ വാസ്തുവിദ്യയ്ക്കും ചരിത്രത്തിനും ഹം പ്രശസ്തമാണ്. 2011 -ലെ സെൻസസ് അനുസരിച്ച്, ഈ പട്ടണത്തിൽ 30 ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, 2021 -ലെ കണക്കനുസരിച്ച് ജനസംഖ്യ 52 ആയി ഉയർന്നിട്ടുണ്ട്. ഈ പട്ടണത്തിൽ ആകെയുള്ളത് ഒരു റോഡ് മാത്രമാണ്. ഇടുങ്ങിയ തെരുവുകൾ ഉൾക്കൊള്ളുന്ന പട്ടണത്തിൽ 20 കെട്ടിടങ്ങൾ മാത്രമാണ് ആകെ ഉള്ളത്. ചരിത്രപരമായ വാസ്തുവിദ്യയ്ക്കും പേരുകേട്ടതാണ് ഹം. 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ച സെന്‍റ് ജെറോംസ് ചർച്ച് എന്ന് പേരിട്ടിരിക്കുന്ന മനോഹരമായ റോമനെസ്ക് പള്ളിയും ഈ പട്ടണത്തിന്‍റെ ഒത്ത നടുക്കായുണ്ട്.
‘ലോകത്തിലെ ഏറ്റവും ചെറിയ പട്ടണം’ എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിലും ഹം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. നഗരത്തിന്‍റെ സമ്പദ്‌വ്യവസ്ഥ പ്രാഥമികമായി ടൂറിസത്തെയും കൃഷിയെയും അടിസ്ഥാനമാക്കിയുള്ളതാണ്. പച്ച കുന്നുകളാലും മുന്തിരിത്തോട്ടങ്ങളാലും ചുറ്റപ്പെട്ട ഈ നഗരം പ്രകൃതിരമണീയമാണ്. ഉയർന്ന നിലവാരമുള്ള വൈനുകളും പ്രാദേശിക പച്ചമരുന്നുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ‘ബിസ്ക’ എന്നറിയപ്പെടുന്ന പരമ്പരാഗത മദ്യവും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
STORY HIGHLIGHTS: world-s-smallest-city-with-52-inhabitants-20-buildings-and-a-single-road