Movie News

‘ജയിലര്‍ 2’ തുടങ്ങി; പ്രഖ്യാപനവുമായി സണ്‍ പിക്ചേഴ്സ് – jailer 2 movie starts today

ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു രജനികാന്ത് ചിത്രം ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനികാന്ത് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായെത്തിയ ചിത്രം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടി. ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി.

ജനുവരി 14 ന് ആയിരുന്നു ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം ചിത്രത്തിന്റെ രണ്ടാം ഭാഗ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇന്നിതാ സിനിമയുടെ ചിത്രീകരണവും ആരംഭിക്കുകയാണ്. നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മുത്തുവേല്‍ പാണ്ഡ്യന്‍റെ വേട്ട ആരംഭിക്കുന്നു. ജയിലര്‍ ഷൂട്ട് ഇന്ന് ആരംഭിക്കുന്നു, ചിത്രത്തിന്‍റെ പുതിയ പോസ്റ്ററിനൊപ്പം നിര്‍മ്മാതാക്കള്‍ കുറിച്ചു. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.

എന്നാൽ രണ്ടാം ഭാഗം ആരംഭിക്കുന്നതായ വാര്‍ത്ത വരുമ്പോളും മലയാളികള്‍ അറിയാന്‍ കാത്തിരിക്കുന്നത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. വിനായകന്‍ വര്‍മന്‍ എന്ന പ്രതിനായക കഥാപാത്രമായി ഗംഭീര പ്രകടനം നടത്തിയപ്പോള്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങി വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള താരങ്ങളെയും മികച്ച വേഷങ്ങളില്‍ നെല്‍സണ്‍ അവതരിപ്പിച്ചിരുന്നു. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

STORY HIGHLIGHT: jailer 2 movie starts today