മാനന്തവാടി: വള്ളിയൂർക്കാവ് കമ്മന ഭാഗത്ത് പരിഭ്രാന്തി പരത്തി 2 പേരെ കുത്തി പരിക്കേൽപിച്ച എരുമയെ പിടിച്ചുകെട്ടി. ഇടഞ്ഞോടിയ എരുമയെ മാനന്തവാടി അഗ്‌നിരക്ഷാ സേനയാണ് സാഹസികമായി പിടിച്ചുകെട്ടിയത്. ഇന്ന് ഉച്ചയോടെ വള്ളിയൂർക്കാവ് ചെറിയ പാലത്തിനു മുകളിലൂടെ കമ്മന ഭാഗത്തേക്ക് ഓടിയ എരുമ വഴിയിൽ നിന്ന ഇതര സംസ്ഥാന തൊഴിലാളി മനോജ് കുമാർ, കുഞ്ഞുമോൻ മറ്റത്തിൽ എന്നിവരെ കുത്തുകയായിരുന്നു.
ശേഷം കമ്മന ഭാഗത്തേക്ക് ഓടിപ്പോയി. തുടര്‍ന്നാണ് അഗ്നിരക്ഷാസേന എത്തി പ്രദേശങ്ങളിലെ വീടുകളിൽ മുന്നറിയിപ്പ് നൽകി. നീണ്ട പരിശ്രമത്തിനൊടുവിൽ എരുമയെ ഓടിച്ച് പെരുങ്കുഴിയിൽ ജോസ് എന്നയാളുടെ തോട്ടത്തിൽ കയറ്റി. തുടര്‍ന്ന് കയറും വലയും ഉപയോഗിച്ച് അതി സാഹസികമായി പിടിച്ചുകെട്ടുകയായിരുന്നു. എരുമയുടെ ഉടമസ്ഥനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഫയര്‍ സ്റ്റേഷൻ ഓഫീസർ പികെ ഭരതൻ, സീനിയർ ഫയർ ഓഫീസർ ഒ.ജി പ്രഭാകരൻ, ഫയർ & റെസ്ക്യു ഓഫീസർമാരായ സിയു പ്രവീൺ കുമാർ, കെആർ രഞ്ജിത്, വി.ഡി. അമൃതേഷ്, ബിനീഷ് ബേബി, കെ. എസ് സന്ദീപ്, റ്റിഎസ് അനിഷ് , ഹോം ഗാർഡുമാരായ ഷൈജറ്റ് മാത്യു , ബാബു മോൻ ,കെ എം. മുരളീധരൻ എന്നിവരുടെ സംഘമാണ് എരുമയെ തളച്ചത്.
content highlight : buffalo-that-caused-panic-and-injured-2-people-caught-and-tied-up