പാലാ ∙ പി.സി. ജോർജിന്റെ പ്രസംഗം വീണ്ടും വിവാദക്കുരുക്കില്‍. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഈരാറ്റുപേട്ട നഗരസഭാ കമ്മിറ്റി പാലാ പൊലീസിൽ പരാതി നൽകി. ഈരാറ്റുപേട്ടയിൽ കണ്ടെത്തിയ വൻ സ്ഫോടക ശേഖരം കേരളം മുഴുവന്‍ നശിപ്പിക്കാൻ ശേഷിയുള്ളതാണെന്നും മീനച്ചിൽ താലൂക്കിൽ നിന്ന് 400ലേറെ പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി ഒരുവിഭാഗം തട്ടി കൊണ്ടുപോയെന്നും പി.സി.ജോർജ് പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.
ലഹരി മാഫിയക്കെതിരെ നടപടികൾ ആവശ്യപ്പെട്ട് കെസിബിസി ടെംപറൻസ് കമ്മിഷൻ സംഘടിപ്പിച്ച ലഹരിവിരുദ്ധ സമ്മേളനത്തിലാണ് പി.സി ജോർജിന്റെ വിവാദ പ്രസംഗം. പ്രണയക്കുരുക്കിലും ലഹരിക്കെണിയിലും മക്കൾ വീഴാതെ വിശ്വാസികൾ കരുതിയിരിക്കണം. സ്കൂളിൽ ആവശ്യത്തിന് കുട്ടികൾ ഇല്ല. അധ്യാപകർ നിസഹായരാണ്. മാതാപിതാക്കൾ കുടുംബത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ചില വിഭാഗങ്ങൾ പെൺകുട്ടികളെ പ്രായപൂർത്തിയാകുമ്പോൾത്തന്നെ കല്യാണം കഴിച്ചയയ്ക്കുന്നു. ക്രിസ്ത്യൻ മാതാപിതാക്കളും അപ്രകാരം ചെയ്താൽ മക്കൾ വഴിതെറ്റിപോകാതിരിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയെന്ന് ആരോപിച്ച് പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ട നഗരസഭ കമ്മിറ്റിയാണ് പരാതി നൽകിയിരുന്നത്. അറസ്റ്റിലായ പി.സി. ജോർജിന്റെ റിമാൻഡ് കാലാവധി ഇന്ന് വരെയായിരുന്നു. ആശുപത്രിയിൽ കഴിഞ്ഞ ജോർജ് ഇതിനിടെ ജാമ്യം നേടുകയായിരുന്നു.