തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പിന്റെ നിർമാണം ഈ മാസം ആരംഭിക്കുമെന്ന് മന്ത്രി കെ.രാജൻ. നിയമസഭയിലെ ധനാഭ്യർഥന ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരിൽ ഒരാളെയും സർക്കാർ കൈവിടില്ല. കേരളത്തിനു പണം നൽകാത്ത കേന്ദ്രസർക്കാർ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാനും തയാറായില്ല. കേരളത്തോടുള്ള കേന്ദ്രത്തിന്റെ പകയാണ് ഇതു കാണിക്കുന്നത്.
സംസ്ഥാനത്തെ താലൂക്കുകളിൽ ഭൂമിയുമായി ബന്ധപ്പെട്ട 1.40 ലക്ഷം കേസുകൾ പരിഹരിക്കാൻ പ്രത്യേക മോഡൽ സജ്ജമാക്കും. ഇതിൽ ഇനംമാറ്റമടക്കമുള്ള 44,000 കേസുകൾ ഏപ്രിൽ, മേയ് മാസങ്ങളിൽ പരിഹരിക്കും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭ്യമാക്കുന്ന ഡിജിറ്റൽ റവന്യു കാർഡ് നവംബർ 1ന് നിലവിൽ വരും. ജൂൺ മുതൽ ഇ സാക്ഷരതായജ്ഞത്തിനു തുടക്കമിടും. വില്ലേജ് ഓഫിസിൽനിന്നുള്ള സേവനങ്ങൾ വീട്ടിലെ ഫോൺ വഴി ഉപയോഗിക്കാൻ ജനങ്ങളെ സജ്ജരാക്കുന്ന പദ്ധതിയാണിത്. ഒരു വീട്ടിൽ ഒരാളെങ്കിലും ഈ സേവനം ഉപയോഗിക്കാൻ സജ്ജമാണെന്ന് ഉറപ്പാക്കും.
സാക്ഷരതായജ്ഞത്തിനായി കുടുംബശ്രീ, യുവജന, വിദ്യാർഥി സംഘടനകളെ ഉപയോഗിക്കും. മലയോര, ആദിവാസി മേഖലകളിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കാൻ ഊർജിത നടപടി സ്വീകരിക്കും. ഇതിനായി ഈ മാസം 26നു റവന്യു, വനം വകുപ്പുകളുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.