ഇടുക്കി: പരുന്തുംപാറയിലെ കയ്യേറ്റത്തിൽ റവന്യൂ വകുപ്പിന്റെ 15 അംഗ സംഘം പരിശോധന തുടങ്ങി. കയ്യേറ്റം വ്യാപകമായ പീരുമേട്, മഞ്ചുമല, വാഗമൺ വില്ലേജുകളിൽ ഡിജിറ്റൽ സർവെ നടത്തുകയാണ് ആദ്യപടി. പീരുമേട് വില്ലേജിലെ സർവെ നമ്പർ 534, മഞ്ചുമല വില്ലേജിലെ 441, വാഗമൺ വില്ലേജിലെ 724, 813, 896 സർവെ നമ്പറുകളിൽ പെട്ട സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയാണ് ലക്ഷ്യം.
പട്ടയരേഖകളും പരിശോധിക്കും. പരുന്തുംപാറയിലെ കയ്യേറ്റത്തിൽ അന്വേഷണ പുരോഗതി കലക്ടർ വിലയിരുത്തണമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് റവന്യൂ മന്ത്രി കെ.രാജന്റെ നിർദേശം. നടപടികളുടെ ഭാഗമായി കയ്യേറ്റ പ്രദേശങ്ങളിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. നിയമലംഘനത്തിന് ഏഴ് പേർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ വി വിഗ്നേശ്വരിയും അറിയിച്ചു. പരുന്തുംപാറയിൽ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് റിസോർട്ടിനോടനുബന്ധിച്ച് സ്ഥാപിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു മാറ്റിയിരുന്നു.