ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം, മണിപ്പൂർ സംഘർഷം, മണ്ഡല പുനർ നിർണയം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. കേന്ദ്രസർക്കാരിനെതിരായ വിഷയങ്ങളിൽ ഒറ്റക്കെട്ടായി നീങ്ങാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ തീരുമാനം. അതേസമയം, ആശാ സമരത്തിന് പിന്തുണയുമായി യുഡിഎഫ് എംപിമാർ ഇന്ന് പാർലമെൻ്റ് കവാടത്തിൽ പ്രതിഷേധിക്കും.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ വിവിധ വിഷയങ്ങളിൽ ഇരു സഭകളിലും വലിയ പ്രതിഷേധമാണ് ഇന്നലെ ഉണ്ടായത്. ത്രിഭാഷ വിവാദം, മണ്ഡല പുനര്‍ നിര്‍ണ്ണയം, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം. കഴിഞ്ഞദിവസം ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച മണിപ്പൂർ ബജറ്റ് ഇന്ന് സഭയിൽ ചർച്ച ചെയ്ത് പാസാക്കും. മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ കഴിയാത്ത കേന്ദ്രപരാജയം ഉയർത്തിക്കാട്ടിയാകും പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കുക.
രാജ്യത്തേക്ക് പ്രവേശിക്കുകയും പുറത്ത് പോകുകയും ചെയ്യുന്നവർക്കുള്ള നിയമങ്ങൾ കർക്കശമാക്കുന്നതിനായുള്ള ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും. വിദേശികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാറിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് ബില്ല്. രാജ്യസഭയിൽ വിദ്യാഭ്യാസ മന്ത്രാലയ ചർച്ചയും ഇന്ന് നടക്കും. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം അടക്കമുള്ളവയിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇന്‍ഡ്യാസഖ്യത്തിന്റെ തീരുമാനം.