കൊൽക്കത്ത: മണിപ്പുരിൽ ഈ മാസം 8 മുതൽ സമ്പൂർണ സഞ്ചാരസ്വാതന്ത്ര്യം കൊണ്ടുവരണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ നിർദേശത്തിനെതിരെ സമരം ചെയ്യുന്ന കുക്കി സംഘടനകൾ സംസ്ഥാനത്തെ രണ്ട് ദേശീയപാതകൾ ഉപരോധിച്ചു. ആയിരക്കണക്കിനു സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കുക്കി ജില്ലകളിൽ സമ്പൂർണ അടച്ചിടൽ തുടരുകയാണ്. കേന്ദ്ര ഭരണപ്രദേശം അനുവദിക്കാതെ കുക്കി മേഖലകളിൽ മെയ്തെയ്കളെ അനുവദിക്കില്ലെന്നു പറഞ്ഞാണു കുക്കി സംഘടനകൾ ഉപരോധം തുടങ്ങിയത്. സർക്കാർ ആരംഭിച്ച ബസ് സർവീസും തടഞ്ഞു. തുടർന്ന് കേന്ദ്രസേന നടത്തിയ ഇടപെടലിൽ ഒരു കുക്കി യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. എഴുപതോളം പേർക്കു പരുക്കേറ്റു. കേന്ദ്രനിർദേശം കുക്കികൾ പാലിക്കണമെന്നു തീവ്ര മെയ്തെയ് സായുധ സംഘടനയായ ആരംഭായ് തെംഗോൽ ആവശ്യപ്പെട്ടു.