തിരുവനന്തപുരം: വേതന വർധനവുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം തുടങ്ങിയിട്ട് ഒരുമാസം. ആരോപണങ്ങളും വിവാദങ്ങളും അധിക്ഷേപവുമൊക്കെ തുടർച്ചയായി വന്നതോടെ സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. സർക്കാർ ഇടപെടൽ ഉണ്ടാകാത്തതിനാൽ സമരം കൂടുതൽ വ്യാപിപ്പിക്കാനാണ് ആശമാരുടെ തീരുമാനം.
ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങളുണ്ട്. സമരം ചർച്ചയായതോടെ മന്ത്രി വീണാ ജോർജ് സമരക്കാരെ ചർച്ചക്ക് വിളിച്ചു. ഒന്നും സംഭവിച്ചില്ല. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മന്ത്രിയുടെ മറുപടി. പിന്നാലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രമുഖർ പിന്തുണ അറിയിച്ചെത്തി. സമരം ഏറ്റെടുക്കുന്നെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.
പെരുമഴയിൽ അഭയമായി കെട്ടിയ ടാർപോളിൻ പൊലീസ് അഴിച്ചുമാറ്റിയതോടെ സമരം കൂടുതൽ ശ്രദ്ധ നേടി. പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. കേന്ദ്ര മന്ത്രി സുരേഷ് ഗോപി വക കുടകളും റെയിൻ കോട്ടുകളും നല്‍കി. മറുവശത്ത് സിഐടിയു അധിക്ഷേപം ചൊരിഞ്ഞാണ് സമരത്തെ നേരിടാൻ നോക്കിയത്. ഈർക്കിലി സംഘടനയെന്ന് എളമരം കരീം കളിയാക്കിയപ്പോൾ സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥിൻ്റെ പരാമർശം അല്പം കടന്നുപോയി. പക്ഷേ സമരം അണഞ്ഞില്ല. നിയമസഭയിലും പിന്നാലെ ലോക്സഭയിലും ആശമാരുടെ പ്രതിഷേധം ചർച്ചയായി. സർക്കാർ ചർച്ചയ്ക്ക് വിളിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും സമരക്കാർക്കുണ്ട്. പക്ഷേ ആ പ്രതീക്ഷയിൽ സമരം അവസാനിപ്പിക്കാൻ അവർ തയ്യാറല്ല.
മുപ്പതാം ദിവസം കൂടുതൽ പ്രമുഖരെ സമരപ്പന്തലിൽ എത്തിക്കാനാണ് നീക്കം. പതിനേഴിന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിൽ സംസ്ഥാനത്തെ ഭൂരിഭാഗം ആശാ പ്രവർത്തകരും പങ്കെടുക്കും. നിയമലംഘന സമരം എന്ന പ്രഖ്യാപനത്തോടെയാണ് സെക്രട്ടറിയേറ്റ് ഉപരോധം.