ചെന്നൈ: നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘നയൻതാര: ബിയോണ്ട് ദ് ഫെയ്റിടെയ്ൽ’ എന്ന ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതു തടയുന്ന ഇടക്കാല ഉത്തരവിനുള്ള ശ്രമം നടൻ ധനുഷിന്റെ നിർമാണ കമ്പനി ഉപേക്ഷിച്ചു. എന്നാൽ, 1 കോടി രൂപ നഷ്ടപരിഹാരവും ദൃശ്യങ്ങൾ ഉപയോഗിക്കുന്നതു സ്ഥിരമായി തടയണമെന്നുമുള്ള പ്രധാന കേസ് തുടരും
പ്രധാന കേസുമായി മുന്നോട്ടു പോകാൻ ധനുഷ് സമ്മതിച്ചതിനെത്തുടർന്ന്, ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ഇടക്കാല നിരോധന അപേക്ഷ തീർപ്പാക്കി. ഡോക്യുമെന്ററി നവംബറിൽ പുറത്തിറങ്ങിയതു കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം ധനുഷിന്റെ നിർമാണ കമ്പനിയായ ‘വണ്ടർബാർ ഫിലിംസ്’ എടുത്തത്. ഏപ്രിൽ 9നു കേസ് വീണ്ടും പരിഗണിക്കും. ധനുഷിനു നയൻതാര തുറന്ന കത്ത് അയച്ചതോടെയാണ് ഇരുവരും തമ്മിലുള്ള തർക്കം പരസ്യമായത്. 2 വർഷം ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ധനുഷ് ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയില്ലെന്നായിരുന്നു ആരോപണം.