Automobile

ബൈക്കിന്റെ മൈലേജ് ഉറപ്പ്! വാഗൺ ആർ ഹൈബ്രിഡ് വരുന്നു, കുഞ്ഞന്മാരിൽ കുഞ്ഞന്റെ വിശേഷങ്ങൾ ഇങ്ങനെ.. | WagonR hybrid

ലീറ്ററിന് മുപ്പതു മുതൽ നാൽപതു കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് കാറുകളുടെ പട്ടികയില്‍ നിരവധി വര്‍ഷങ്ങളായി മുന്നിലുള്ള മോഡലാണ് വാഗണ്‍ ആര്‍. താങ്ങാവുന്ന വിലയില്‍ മികച്ച കാര്യക്ഷമതയും ഇന്ധനക്ഷമതയും സ്ഥല സൗകര്യങ്ങളും ഫീച്ചറുകളുമുള്ള മോഡലാണ് വാഗണ്‍ ആര്‍. ഇന്ത്യക്കാരുടെ പ്രായോഗിക കാര്‍ ആവശ്യങ്ങള്‍ക്കുള്ള പരിഹാരമായി നിലകൊള്ളുന്നതുകൊണ്ടാണ് 32 ലക്ഷത്തിലേറെ വാഗണ്‍ ആറുകള്‍ നിരത്തിലെത്തിയിട്ടും ഇന്നും ഈ മോഡലിന്റെ വില്‍പന താഴാത്തത്. ഇപ്പോഴിതാ ഹൈബ്രിഡ് വാഗണ്‍ ആര്‍ കൂടി വരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഹൈബ്രിഡ് സിസ്റ്റവുമായി പുറത്തിറങ്ങുന്ന ലോകത്തെ ആദ്യ മിനി കാറായി വാഗണ്‍ ആര്‍ മാറും.

സുസുക്കിയുടെ സ്‌ട്രോങ് ഹൈബ്രിഡ് സെറ്റ്അപ്പാണ് വാഗണ്‍ ആറിന് നല്‍കുക. 660സിസി, ഇന്‍ലൈന്‍3, ഡിഒഎച്ച്‌സി പെട്രോള്‍ എന്‍ജിനൊപ്പമാണ് ഈ ഹൈബ്രിഡ് വരുന്നത്. പെട്രോള്‍ എന്‍ജിന്‍ 54പിഎസ് കരുത്തും 58എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. വൈദ്യുത മോട്ടോര്‍ 10 പിഎസ് കരുത്തും 29എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. ഇന്ധനക്ഷമതയുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ലീറ്ററിന് മുപ്പതു മുതൽ നാൽപതു കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ലോകത്തിൽ ഏറ്റവും കുടുതൽ മൈലേജുള്ള കാറുകളിലൊന്നായി മാറും വാഗൺആർ ഹൈബ്രിഡ്.

ഹൈബ്രിഡ് പവര്‍ട്രെയിനൊപ്പം വേറെയും മാറ്റങ്ങള്‍ വാഗണ്‍ ആറിലുണ്ടാവും. ഇതില്‍ പ്രധാനം പിന്നിലെ സ്ലൈഡിങ് ഡോറുകളാണ്. ജപ്പാനിലെ മറ്റു ടോള്‍ ബോയ് ഹാച്ച്ബാക്കുകളില്‍ ഈ മാറ്റം ഇതിനകം തന്നെ സുസുക്കി വരുത്തി കഴിഞ്ഞു. യാത്രികര്‍ക്ക് എളുപ്പം കാറില്‍ കയറാനും ഇറങ്ങാനും സാധനങ്ങള്‍ കയറ്റാനുമെല്ലാം സ്ലൈഡിങ് ഡോറുകള്‍ സഹായിക്കും. പിന്‍സീറ്റുകളില്‍ മാറ്റം വരുത്താനാവുന്നതും കൂടുതല്‍ സൗകര്യപ്രദമായി വാഹനം ഉപയോഗിക്കാന്‍ സഹായിക്കും.

ജപ്പാനില്‍ അവതരിപ്പിച്ച പുതു തലമുറ വാഗണ്‍ ആറിന് 3,395എംഎം നീളവും 1,475എംഎം വീതിയും 1,650എംഎം ഉയരവുമാണുള്ളത്. 2,460എംഎം വീല്‍ബേസ്. 850 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. ജപ്പാനില്‍ ഹൈബ്രിഡ് വാഗണ്‍ ആര്‍ 13 ലക്ഷം യെന്‍ (ഏകദേശം 7.65 ലക്ഷം രൂപ) മുതല്‍ ലഭ്യമാവുമെന്നാണ് കരുതപ്പെടുന്നത്. ഉയര്‍ന്ന വകഭേദത്തന് 19 ലക്ഷം യെന്‍(ഏകദേശം 11.19 ലക്ഷം രൂപ) ആവും വില.

ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ഹൈബ്രിഡ് സിസ്റ്റത്തിനായുള്ള പണിപ്പുരയിലാണെന്ന് നേരത്തെ തന്നെ മാരുതി അറിയിച്ചിരുന്നു. വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ഡിസയര്‍, ഫ്രോങ്‌സ് തുടങ്ങിയ ചെറുകാറുകള്‍ക്ക് അനുയോജ്യമായ ഹൈബ്രിഡ് സംവിധാനമാവും ഇത്. 1.2 ലീറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലേക്കാവും ഈ ഹൈബ്രിഡ് സിസ്റ്റം ചേര്‍ക്കുക. ടൊയോട്ടയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ താരതമ്യേന ചിലവേറിയതിനാലാണ് മാരുതി ചെറുകാറുകള്‍ക്കായി സ്വന്തം നിലക്ക് ഹൈബ്രിഡ് സംവിധാനം നിര്‍മിക്കുന്നത്.

ഹൈബ്രിഡ് വാഹനങ്ങള്‍ വിപണിയില്‍ സജീവമാവണമെങ്കില്‍ സര്‍ക്കാര്‍ നയങ്ങള്‍ കൂടി അനുകൂലമാവേണ്ടതുണ്ട്. വൈദ്യുത വാഹനങ്ങള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ ഇന്ത്യയില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ലഭിക്കുന്നില്ല. പല സംസ്ഥാനങ്ങളും വൈദ്യുത വാഹനങ്ങളുടെ റോഡ്/രജിസ്‌ട്രേഷന്‍ ടാക്‌സ്  ഭാഗീകമായോ പൂര്‍ണമായോ എടുത്തു കളഞ്ഞിട്ടുണ്ട്. ഫെയിം II പ്രകാരമുള്ള ഇളവുകളും വൈദ്യുത വാഹനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അതേസമയം സ്‌ട്രോങ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടി നല്‍കേണ്ടതുണ്ട്. സെസ് കൂടിയാവുമ്പോള്‍ നികുതിഭാരം 43ശതമാനമായി മാറും.

content highlight: WagonR hybrid