സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവാക്കും. പാർട്ടി കോൺഗ്രസ് കഴിഞ്ഞ ശേഷമാകും വിഎസിനെ പ്രത്യേക ക്ഷണിതാവായി തീരുമാനിക്കുക. പ്രായപരിധിയിൽ ഒഴിഞ്ഞ നേതാക്കളെയും ക്ഷണിതാവാക്കിയേക്കും.
സിപിഐഎമ്മിന്റെ ചരിത്രത്തിലാദ്യമായായിരുന്നു വി.എസ്.അച്യുതാനന്ദന്റെ പേരില്ലാതെ സംസ്ഥാന കമ്മിറ്റി പാനൽ രൂപീകരിച്ചത്. വിഎസിനെ ഒഴിവാക്കിയോ എന്ന ചോദ്യത്തിന് ‘വിഎസ് പാർട്ടിയുടെ സ്വത്ത് അല്ലേ’ എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.
വി എസ് പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഏറ്റവും സമുന്നത നേതാവായ വി എസ് ഇപ്പോള്‍ കിടപ്പിലാണ്. കഴിഞ്ഞ തവണയും അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് കൂടി കഴിഞ്ഞ ശേഷമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖന്‍ വി എസ് ആണ്. പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളില്‍ ഉറപ്പായും ഉണ്ടാകും. എം വി ഗോവിന്ദന്‍ പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയില്‍നിന്നും സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിഞ്ഞവരില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളുമുണ്ട്. 75 വയസ് പിന്നിട്ട അവര്‍ സാങ്കേതികമായി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് വരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ഒഴിവാകുന്നവരെ കേന്ദ്ര കമ്മിറ്റി അംഗീകാരത്തോടെ അതത് പാര്‍ട്ടി സെന്ററുകളില്‍ പ്രവര്‍ത്തിപ്പിക്കാനാകും. അവരുടെ കഴിവും സേവനവും പരമാവധി പാര്‍ട്ടിക്കായി ഉപയോഗിക്കും. അവരെ പൂര്‍ണമായും ഒഴിവാക്കുക എന്നതല്ല പാര്‍ട്ടിയുടെ നിലപാട് എന്നും ഗോവിന്ദന്‍ പറഞ്ഞു.
സിപിഐഎം രൂപീകരിക്കുന്നതിനു നേതൃത്വം നൽകിയവരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവായ വിഎസിനെ ഒഴിവാക്കിയതു വൻ ചർച്ചയായായിരുന്നു. പ്രത്യേക ക്ഷണിതാക്കളെ മധുരയിൽ അടുത്ത മാസം നടക്കുന്ന പാർട്ടി കോൺഗ്രസിനു ശേഷം തീരുമാനിക്കുമെന്നാണു പ്രഖ്യാപനം.