Kerala

പറഞ്ഞത് തെറ്റായി പോയി, അച്ചടക്ക നടപടി വന്നാലും വിഷമമില്ല, ബിജെപി നേതാക്കൾ വന്ന് രാഷ്ട്രീയം പഠിപ്പിക്കേണ്ട: നിലപാട് മയപ്പെടുത്തി എ പത്മകുമാർ

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ നടത്തിയ പരസ്യ പ്രതികരണം മയപ്പെടുത്തി പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവ് എ പത്മകുമാർ രംഗത്ത്. പറഞ്ഞത് തെറ്റായിപ്പോയി. അതിന്‍റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേഡറിന് തെറ്റ് പറ്റിയാൽ അത് തിരുത്തുന്ന പാർട്ടിയാണ് സിപിഎം. ബിജെപി നേതാക്കൾ വന്ന് തന്നെ രാഷ്ട്രീയം പഠിപ്പിക്കണ്ട. മുതിർന്ന നേതാക്കളിൽ പലരും വിളിച്ചു. നാളെ ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കും. അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.

പാർട്ടിക്ക് പൂർണമായും വിധേയനാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാം ദേഹികളാണ്. തന്‍റെ പേരിൽ പ്രശസ്തരാവാനാണ് ബിജെപി ജില്ലാനേതാക്കൾ ശ്രമിച്ചത്. അതുകൊണ്ടാണ് താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്ന് ഫോട്ടോ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Latest News