രാത്രി ഉറങ്ങുന്നതിന് മുൻപ് ചില ഭക്ഷണങ്ങൾ കഴിക്കരുത് എന്ന് പറയാറുണ്ട് അല്ലെ? എങ്കിലും പലരിൽ ഇത് അത്ര കാര്യമായി എടുക്കാറില്ല എന്നതാണ് വാസ്തവം. ഇത് ചിലപ്പോൾ നിങ്ങളുടെ ആരോഗ്യത്തെയും അതിനോടൊപ്പം തന്നെ ഉറക്കത്തെയും കാര്യമായി ബാധിച്ചേക്കാം. പ്രത്യേകിച്ച് ചില പഴങ്ങൾ രാത്രി സമയങ്ങളിലും ഉറങ്ങുന്നതിന് മുൻപും കഴിക്കുന്നത് അത്ര നല്ലതല്ല. അവ ഏതൊക്കെയാണെന്ന് നോക്കാം.
വാഴപ്പഴം
പലരും ഉറക്കത്തിന് മുൻപ് വാഴപ്പഴം കഴിക്കാറുണ്ട്. ആ ശീലം നല്ലതല്ല. കാരണം കാർബോൈഹഡ്രേറ്റ് ധാരാളം അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ഊർജനില ഉയരാനും വാഴപ്പഴം കാരണമാകും. കൂടുതൽ വാഴപ്പഴം കഴിച്ചാൽ ഊർജനില ഉയരുക വഴി ഉറക്കം തടസ്സപ്പെടാനും കാരണമാകും. പൊട്ടാസ്യം, മഗ്നീഷ്യം ഇവ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും അധികം പഴുക്കാത്ത വാഴപ്പഴം കഴിക്കുന്നത് ചിലരിൽ ബ്ലോട്ടിങ്ങിനും കാരണമാകും.
മാമ്പഴം
രാത്രി കിടക്കുന്നതിനു മുൻപ് മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാൻ ഇടയാക്കും. ഫൈബർ ധാരാളം ഉള്ളതിനാൽ വയറിനു കനം വരാനും ദഹനപ്രശ്നങ്ങൾക്കും കാരണമാകും. രുചിയും പോഷകങ്ങളും ഏറെയുള്ള പഴമാണ് മാമ്പഴം എങ്കിലും രാത്രി ഒരു അളവിൽ കൂടുതൽ മാമ്പഴം കഴിക്കുന്നത് ഉറക്കം തടസ്സപ്പെടുത്തും.
നാരകഫലങ്ങൾ
ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ നാരകഫലങ്ങൾ രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കുന്നത് ആസിഡ് റിഫ്ലക്സിനും നെഞ്ചെരിച്ചിലിനും കാരണമാകും. അമ്ലഗുണമുള്ളവയായതിനാൽ ദഹനപ്രശ്നങ്ങളിലേക്കും ഇത് വഴിവെക്കും. ഇത് മൂലം അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യും