Tech

​ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ മടിയാണോ ? എങ്കിൽ നിങ്ങളെ ഓർമ്മിപ്പിക്കാൻ ‘ആപ്പ്’ റെ‍ഡി | eat-more-fruits-and-vegetables

പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാലുള്ള ഗുണങ്ങളെ പറ്റിയുള്ള ബോധമില്ലായ്മയാണ് കുറഞ്ഞ ഉപഭോഗത്തിൻറെ പ്രധാന കാരണമെന്ന് ബോൺമൗത്തിലെ ഗവേഷകർ പറയുന്നു

ഭക്ഷണക്രമത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. സർക്കാരും ആരോഗ്യ പ്രവർത്തകരും ഇതു സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ ആഗോളതലത്തിൽ നോക്കിയാൽ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം ഇപ്പോഴും വളരെ കുറവാണെന്നതാണ് യാഥാർഥ്യം. ഈ അവസ്ഥ മാറ്റി ജനങ്ങൾക്കിടയിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒരു ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് യുകെയിലെ ബോൺമൗത്ത് സർവകലാശാല. സ്മാർട്ട് 5-എ-ഡേ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഉപഭോക്താക്കളെ അവരുടെ പഴം, പച്ചക്കറി ഉപയോഗം ട്രാക്ക് ചെയ്യാൻ സഹായിക്കും.

ശുപാർശകൾക്ക് അനുസൃതമായി പ്രതിവാരം പഴം, പച്ചക്കറി ഉപയോഗങ്ങൾ എങ്ങനെയെന്നാണ് യുകെയിലെ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ലോകത്തിൻറെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർക്ക് പ്രാദേശികമായി ലഭ്യമായ പഴങ്ങൾക്കും പച്ചക്കറികൾക്കും അനുസൃതമായി ഇതിൽ ആവശ്യമായ മാറ്റം വരുത്താമെന്ന് ആപ്പ് വികസിപ്പിച്ച ബോൺമൗത്ത് സർവകലാശാലയിലെ സൈകോളജി പ്രഫസർ കാതറീൻ ആപ്പിൾടൺ പറയുന്നു.

പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാലുള്ള ഗുണങ്ങളെ പറ്റിയുള്ള ബോധമില്ലായ്മയാണ് കുറഞ്ഞ ഉപഭോഗത്തിൻറെ പ്രധാന കാരണമെന്ന് ബോൺമൗത്തിലെ ഗവേഷകർ പറയുന്നു. ചിലർക്ക് പഴവും പച്ചക്കറികളും നല്ലതാണെന്ന് അറിയാമെങ്കിലും എത്ര അളവിൽ അവ കഴിക്കണമെന്ന ബോധ്യമുണ്ടാകില്ല. ആപ്പ് ഉപയോഗിക്കാനായി ഉപഭോക്താക്കൾ അവരുടെ പ്രതിദിന പഴം, പച്ചക്കറി ഉപയോഗം ആപ്പിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഇതിൻറെ അടിസ്ഥാനത്തിൽ ആവശ്യമായ തോതിലാണോ അല്ലയോ ഈ ഉപഭോഗം എന്നത് ആപ്പ് പറഞ്ഞ് തരും. ഏതാനും ആഴ്ചകൾ ഈ ആപ്പ് തുടർച്ചയായി ഉപയോഗിച്ച് കഴിഞ്ഞാൽ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗത്തെ പറ്റി ധാരണ ലഭിക്കുമെന്നും ശേഷം ആപ്പില്ലാതെ തന്നെ കാര്യങ്ങൾ തീരുമാനിക്കാൻ സാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

ഈ ആപ്പിനെ അടിസ്ഥാനമാക്കി 2019ൽ നടത്തിയ ഒരു ഗവേഷണത്തിൽ ഇത്തരം ആപ്പുകളുടെ ഉപയോഗം നേരിയ തോതിൽ ജനങ്ങളുടെ അവബോധം വർധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട ലക്ഷ്യം നേടാൻ ശ്രമിക്കുമ്പോൾ അതിനെ ആപ്പ് ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്നത് വിജയസാധ്യത വർധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധർ കരുതുന്നു. വ്യായാമത്തിൻറെ കാര്യത്തിലാണെങ്കിലും ഭക്ഷണം കഴിക്കുന്ന കാര്യത്തിലാണെങ്കിലും ഇത് ബാധകമാണ്. ആരോഗ്യ ലക്ഷ്യത്തിൻറെ പ്രതിദിന പുരോഗതി വിലയിരുത്താനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഇത് സഹായകമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 2022 ഡിസംബർ 29ന് ആപ്പ് അവതരിപ്പിച്ചു.

content highlight: app-could-help-people-eat-more-fruits-and-vegetables