Kerala

ലഹരി കേസ്; വിദ്യാര്‍ത്ഥികളെ മനശാസ്ത്രപരമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്- വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

മേയ് ഒന്നുമുതല്‍ കായികമാണ് ബദല്‍ എന്ന പേരില്‍ കാമ്പെയിന്‍ തുടങ്ങുമെന്ന് കായിക മന്ത്രി

ലഹരി കേസുകളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ മനശാസ്ത്രപരമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൗമാരപ്രായത്തിലുള്ളവര്‍ മാനസിക സംഘര്‍ഷം അടക്കം അനുഭവിക്കുന്നുണ്ടെന്നും അതിനാല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി ശാസ്ത്രീയമായ പഠനം നടത്തുമെന്നും മന്ത്രി വി. ശിവന്‍കുട്ടിക്ക് വേണ്ടി നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. കേസുകളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ കുട്ടിക്കുറ്റവാളികള്‍ എന്നുവരെ ചാപ്പ കുത്തുന്നുണ്ട്. അതും മനശാസ്ത്രപരമായി ശരിയല്ല. അതേസമയം, കുട്ടികളില്‍ കുറ്റവാസന പെരുകുകയും അക്രമങ്ങള്‍ ആഘോഷിക്കപ്പെടുകയും മഹത്വവത്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ലഹരി ഒരു വെല്ലുവിളി ആണെങ്കിലും ഹിംസയെ ലഹരിയായ കാണുന്ന മനോവൈകൃതം വളര്‍ന്നുവരുന്നുണ്ട്. ഹിംസയില്‍ ആനന്ദം കണ്ടെത്തുന്നത് ഒരു വിപത്തായി മാറുന്നുണ്ട്. വെബ് സീരിസ്, സിനിമകള്‍, സമൂഹ മാധ്യമങ്ങള്‍ക്ക് അടിമപ്പെടല്‍ തുടങ്ങിയവയൊക്കെ ഇതിന് കാരണമാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കും.

ക്യാമ്പസുകളിലെ അരാഷ്ട്രീയതയും ആശയസംവാദങ്ങളിലെ ശൂന്യതയും ലഹരി ഉള്‍പ്പടെയുള്ള വിവിധ അരാജക പ്രവര്‍ത്തനങ്ങളിലേക്ക് വഴിതുറക്കുന്നുണ്ട്. ഭരണ- പ്രതിപക്ഷ എംഎല്‍എമാരില്‍ പലരും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ വന്നവരാണ്. അന്നും സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നു. എന്നാല്‍ അക്രമങ്ങളെ മഹത്വവത്കരിക്കുന്ന സ്ഥിതിയുണ്ടായിരുന്നില്ല. നേതൃത്വമില്ലാത്ത ആള്‍ക്കൂട്ടം ഒന്നാകെ അക്രമങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ ആരെയും ക്രൂശിക്കാനോ തിരുത്താനോ കഴിയാതെവരും. സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഇല്ലാതെ വരുന്നതാണ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ലഹരിക്കെതിരായ ഏറ്റവും നല്ല പ്രത്യഒഷധം സ്‌പോര്‍ട്‌സ് ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലഹരിവിരുദ്ധ കാമ്പെയിനിന്റെ ഭാഗമായി മേയ് ഒന്നുമുതല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കായികമാണ് ബദല്‍ എന്ന പേരില്‍ കാമ്പെയിന്‍ തുടങ്ങുകയാണെന്ന് ചോദ്യോത്തരവേളയില്‍ ഇടപെട്ട് സംസാരിച്ച കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളും താലൂക്കുകളും കാമ്പെയിനില്‍ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.