Kerala

ഡിസംബറോടെ പുതുക്കി പണിത ദേശീയ പാതയിലെ 45 മീറ്റര്‍ വീതിയിലുള്ള ആറുവരി പാതയിലൂടെ സഞ്ചരിക്കാം; പൊതുമരാമത്ത് മന്ത്രി

ടൂറിസം മേഖലയില്‍ 156 സ്റ്റാര്‍ട്ടപ്പുകള്‍ നിലവിലുണ്ടെന്ന് മന്ത്രി

ഈ വര്‍ഷം ഡിസംബറോടെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ദേശീയപാത 66 ല്‍ 45 മീറ്റര്‍ വീതിയില്‍ ആറുവരി പാതയിലൂടെ എല്ലാവര്‍ക്കും സഞ്ചരിക്കാമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ചോദ്യോത്തരവേളയില്‍ പറഞ്ഞു. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ 5580 കോടിയാണ് ചെലവിട്ടത്. കിഫ്ബി വഴി നപ്പാക്കുന്ന പദ്ധതിയാണിത്. എന്നാല്‍ ഈ ഫണ്ടിനെ കടപരിധിയില്‍പെടുത്തുകയാണ് കേന്ദ്രം ചെയ്തത്. ഇതോടെ ഏകദേശം 12,000 കോടി രൂപ സംസ്ഥാനം ചെലവിട്ടതിന് തുല്യമായി മാറി. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതയ്ക്കായി സ്വന്തം നിലയില്‍ പണം മുടക്കുന്നത്. മറ്റ് നാല് സംസ്ഥാനങ്ങളിലൂടെയും ദേശീയപാത കടന്നുപോകുന്നുണ്ടെങ്കിലും അവയൊന്നും ഇതിനായി പണം മുടക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ 156 സ്റ്റാര്‍ട്ടപ്പുകള്‍ നിലവിലുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 2024ല്‍ 40 സ്റ്റാര്‍ട്ടപ്പുകളാണ് ഈ രംഗത്ത് രജിസ്റ്റര്‍ ചെയ്തത്. 2023ല്‍ 38,2022ല്‍ 24 എന്നിങ്ങനെയായിരുന്നു ടൂറിസം സ്റ്റാര്‍ട്ടപ്പ് രജിസ്‌ട്രേഷന്‍. ടൂറിസം പദ്ധതികളില്‍ സ്റ്റാര്‍ട്ടപ്പുകളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിന് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനം അംഗീകരിച്ച ഡിസൈന്‍ നയം അനുസരിച്ച് ടൂറിസം പദ്ധതികള്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ഘടകങ്ങളോടെ രൂപകല്‍പ്പന ചെയ്യണമെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കേരളത്തിലെ ടൂറിസം മോശമാണെന്ന തരത്തില്‍ പ്രചാരണം നടത്തുന്ന സാമൂഹ്യദ്രോഹികളുടെ മനസുള്ള ചിലരുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും സമാധാനമായി ടൂറിസ്റ്റുകള്‍ക്ക് വന്നുപോകാവുന്ന നാടാണ് കേരളം. അതേസമയം, ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി ചോദ്യോത്തരേവളയില്‍ പറഞ്ഞു. തിരക്കേറിയ സംസ്ഥാനം എന്ന കാറ്റഗറിയില്‍പെടുത്തി നോ ലിസ്റ്റ് ചെയ്യാനുള്ള പ്രവണതയുണ്ട്. ഇതിന് പരിഹാരമായാണ് ഡെസ്റ്റിനേഷന്‍ ടൂറിസം കൊണ്ടുവന്നത്. ടൂറിസം കേന്ദ്രങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഗ്രീന്‍ എനര്‍ജി, മിയാവാക്കി വനങ്ങള്‍ എന്നിവ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കും. നിര്‍മാണ സാമഗ്രികളെല്ലാം തന്നെ പരിസ്ഥിതിസൗഹൃദമാക്കും. ഉത്തരവാദിത്ത ടൂറിസം മിഷനിലെ വനിതായൂണിറ്റുകളുടെ സഹായത്തോടെ കേരളത്തിന്റെ ചരിത്രം പറയുന്ന സുവനീറുകളും മറ്റും തയ്യാറാക്കും. കെ ഹോമുകള്‍ വരുമ്പോള്‍ നിലവിലെ ഹോം സ്റ്റേകള്‍ക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങലെ ബന്ധപ്പെടുത്തി ടൂറിസം സര്‍ക്യൂട്ടുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.