എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സ്‌കൂള്‍ പഠനം ഡിജിറ്റലാക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. കുട്ടികളുടെ സ്വയം പഠനത്തിനായി സമഗ്ര പ്ലസ് പോര്‍ട്ടലില്‍ ലേര്‍ണിംഗ് റൂം എന്ന മൊഡ്യൂള്‍ നിലവിലുണ്ട്. ഈ സംവിധാനം വഴി കുട്ടികള്‍ക്ക് പഠനാശയങ്ങള്‍ വീഡിയോ രൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനായി കൈറ്റിന്റെ നേതൃത്വത്തില്‍ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതിയും നടപ്പിലാക്കി വരുന്നു. ഇംഗ്ലീഷ് കേട്ട് മനസിലാക്കാനും സംസാരിക്കാനും എഴുതാനും വായിക്കാനുമുള്ള അവസരങ്ങള്‍ ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയര്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2023-24 അദ്ധ്യയന വര്‍ഷം പൊതുവിദ്യാലങ്ങളില്‍ നിന്ന് 2813 കുട്ടികളാണ് കൊഴിഞ്ഞുപോയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്ക്. ഇവിടെയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ളത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം നാട്ടിലേക്ക് പോകുന്നത് കൊഴിഞ്ഞുപോക്കിന് പ്രധാനകാരണമാണ്. കൊഴിഞ്ഞുപോക്കിന്റെ വഴികള്‍ കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിച്ചതോടെ ഇത് തടയാനായിട്ടുണ്ട്. 2011-12ല്‍ 44,104 പേരാണ് കൊഴിഞ്ഞത്. 2015-16ല്‍ 7998 ആക്കി കുറച്ചു. തുടര്‍ന്ന് ഘട്ടംഘട്ടമാക്കി കുറച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.