India

ജ്വല്ലറിയിലെ കൊള്ള; സിനിമാ സ്റ്റൈലിൽ പ്രതികളെ പിടികൂടി പോലീസ് – bihar jewellery store robbed

ഏകദേശം 24 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചിട്ടുണ്ടെന്നാണ് ജീവനക്കാര്‍ നല്‍കുന്ന പ്രാഥമിക വിവരം

ബിഹാറിലെ ഗോപാലി ചൗക്കിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതികളെ സിനിമാ സ്റ്റൈലിൽ പിടികൂടി പോലീസ്. ചേസിങ്ങും പരസ്പരമുള്ള വെടിവയ്പ്പും ഉള്‍പ്പെടെ നാടകീയ രംഗങ്ങളിലൂടെയാണ് പോലീസ് മോഷ്ടാക്കളെ കീഴടക്കിയത്. ഏകദേശം 24 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചിട്ടുണ്ടെന്നാണ് ജീവനക്കാര്‍ നല്‍കുന്ന പ്രാഥമിക വിവരം.

രാവിലെ ആറ് പ്രതികളും ജ്വല്ലറിയിലെത്തിയെങ്കിലും ജ്വല്ലറിയുടെ നിയമം അനുസരിച്ച് നാല് പേരില്‍ കൂടുതലുള്ള സംഘത്തിന് പ്രവേശനം നല്‍കില്ല. അതിനാല്‍ കുറച്ചുപേര്‍ വീതമാണ് അകത്ത് പോകാന്‍ അനുവദിച്ചത്. ആറാമത്തെ ആളും അകത്തെത്തിയതോടെ അയാള്‍ ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. സുരക്ഷ ജീവനക്കാരന്റെ തോക്കും ഇവര്‍ പിടിച്ചുവാങ്ങി. പിന്നീട് കടയിലുണ്ടായിരുന്ന ജീവനക്കാരെയും മറ്റ് ഉപയോക്താക്കളെയും ഭീഷണിപ്പെടുത്തി മാലകള്‍, വളകള്‍, നെക്ലേസുകള്‍ തുടങ്ങിയ സ്വര്‍ണാഭരണങ്ങളും വജ്രവും ഉള്‍പ്പെടെ മോഷ്ടിച്ച വസ്തുക്കള്‍ പൊതിഞ്ഞ് ബാഗുകളിലാക്കി രക്ഷപ്പെടുകയായിരുന്നു.

മോഷ്ടാക്കള്‍ രക്ഷപ്പെട്ടതിന് പിന്നാലെ ജ്വല്ലറി ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജ്വല്ലറിയില്‍ എത്തിയ പോലീസ് ആദ്യം സി.സി.ടി.വി. പരിശോധിച്ചു. ഇതില്‍ നിന്നുള്ള ചിത്രങ്ങള്‍ എടുത്ത് ജില്ലയിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലേക്കും മോഷണം വിവരവും കുറ്റവാളികളുടെ ചിത്രങ്ങളും കൈമാറിയിരുന്നു. തുടർന്നുള്ള പോലീസ് പരിശോധനയ്ക്കിടെയാണ് അറഹ്-ബാബുറ റോഡിയില്‍ മൂന്ന് ബൈക്കുകള്‍ അമിതവേഗത്തില്‍ വരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടർന്ന് ഉണ്ടായ ചേസിങ്ങിലും വെടിവയ്പ്പിലും വിശാല്‍ ഗുപ്ത, കുനാല്‍ കുമാര്‍ എന്നിവർക്ക് പരിക്കേറ്റിരുന്നു.

മോഷണം പോയ 24 കോടി രൂപയുടെ സ്വര്‍ണത്തില്‍ 15 കോടി രൂപയോളം മൂല്യമുള്ള സ്വര്‍ണം ഇവരുടെ കൈയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇവരുടെ കയ്യിൽ നിന്നും രണ്ടും തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. ആറുപേരടങ്ങുന്ന സംഘത്തിലെ രണ്ടുപേരെ മാത്രമാണ് പോലീസിന് പിടികൂടാന്‍ സാധിച്ചത്.

STORY HIGHLIGHT: bihar jewellery store robbed